2026 ലെ ഫിഫ ലോകകപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിലെ വേദികളും മത്സരക്രമവും ഫെബ്രുവരി 4 ന് ഫിഫ പ്രഖ്യാപിക്കും. മൂന്ന് രാജ്യങ്ങളിലായി നടക്കുന്ന ലോകകപ്പിൽ ഉദ്ഘാടന മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ഓരോ രാജ്യത്തിന്റെയും ദേശീയ ടീമിന്റെ ഗ്രൂപ്പ് ഘട്ട മത്സരങ്ങൾ നടക്കുന്ന സ്ഥലങ്ങൾ, ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോകകപ്പ് ഫൈനൽ നടക്കുന്ന സ്റ്റേഡിയം എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ഫിഫ വ്യക്തമാക്കും.
കാനഡ, മെക്സിക്കോ, യുഎസ്എ എന്നീ മൂന്ന് രാജ്യങ്ങളിലായി 16 സ്റ്റേഡിയങ്ങളിലാണ് 2026 ലോകകപ്പ് നടക്കുന്നത്. 48 ടീമുകൾ പങ്കെടുക്കുന്ന ഈ മെഗാ ടൂർണമെന്റിൽ 2026 ജൂൺ മുതൽ ജൂലൈ 19 വരെയാണ് മത്സരങ്ങൾ നടക്കുക.104 മത്സരങ്ങളിൽ എത്ര എണ്ണം ടൊറന്റോയിൽ നടക്കുമെന്ന് ഇതുവരെ വ്യക്തമല്ലെങ്കിലും രണ്ട് കനേഡിയൻ സ്റ്റേഡിയങ്ങൾ – ബിസി പ്ലെയ്‌സും ബിഎംഒ ഫീൽഡും – ടൂർണമെന്റിന് വേദിയാകും. ടൊറന്റോയിൽ ആദ്യം അഞ്ച് മത്സരങ്ങൾ വരെ നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഇപ്പോൾ എണ്ണത്തിൽ അവ്യക്തതയുണ്ട്. ടൊറന്റോയിൽ അഞ്ച് മത്സരങ്ങൾ വരെ നടത്തുമെന്ന് ആദ്യം കരുതിയിരുന്നു. അങ്ങനെയെങ്കിൽ, ടൊറന്റോയ്ക്ക് ഏകദേശം 300 മില്യൺ ഡോളർ ചെലവ് വരുമെന്നും സിറ്റി ഏകദേശം 90 മില്യൺ ഡോളർ സംഭാവന ചെയ്യുമെന്നും കണക്കാക്കിയിരുന്നു. എന്നാൽ, മത്സരങ്ങളുടെ എണ്ണം മാറിയതോടെ ചെലവിലും മാറ്റം വരുമെന്ന് പ്രതീക്ഷിക്കാം. അറ്റ്ലാന്റ, ബോസ്റ്റൺ, ഡാളസ്, ഹൂസ്റ്റൺ, കൻസാസ് സിറ്റി, ലോസ് ഏഞ്ചൽസ്, മിയാമി, ന്യൂയോർക്ക്, ഫിലാഡൽഫിയ, സാൻ ഫ്രാൻസിസ്കോ, സിയാറ്റിൽ എന്നിവയാണ് യുഎസിൽ മത്സരങ്ങൾ നടത്താൻ നിശ്ചയിച്ചിരിക്കുന്ന നഗരങ്ങൾ, അതേസമയം ഗ്വാഡലജാര, മെക്സിക്കോ സിറ്റി, മോണ്ടെറി എന്നിടങ്ങളിലാണ് മെക്സിക്കോയിൽ മത്സരങ്ങൾ നടക്കുക.
