29 ദിവസമായി തുടരുന്ന കാനഡ പോസ്റ്റ് പണിമുടക്ക് അവസാനിപ്പിക്കണമെന്ന് ഫെഡറൽ സർക്കാർ. കരാറിലെത്താതെ പണിമുടക്ക് തുടരുന്ന സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാൻ തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ ഇടപെടുന്നു. എല്ലാ കനേഡിയൻകാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കാൻ പ്രവർത്തിക്കുകയാണെന്നും ചർച്ചകൾ തടസ്സത്തിലായതിനാൽ ഇടപെടാൻ തീരുമാനിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കാനഡ പോസ്റ്റും യൂണിയനും തമ്മിലുള്ള ചർച്ചകൾ പരിശോധിക്കണമെന്നും പണിമുടക്കിയ തപാൽ ജീവനക്കാരെ ജോലിയിൽ തിരികെ പ്രവേശിക്കാൻ ഉത്തരവിടാനും ബോർഡിനോട് മന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തുടനീളമുള്ള തപാൽ, പാക്കേജ് വിതരണങ്ങൾ നിർത്തിവച്ച് തപാൽ ജീവനക്കാർ നാലാഴ്ച മുമ്പാണ് സമരം ആരംഭിച്ചത്. അടുത്ത ആഴ്ച തന്നെ ജോലി പുനരാരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സ്റ്റീവൻ മക് കിനോൺ പറഞ്ഞു.
ഇരുപക്ഷവും സ്തംഭനാവസ്ഥയിലാണെന്ന് ബോർഡ് അംഗീകരിക്കുകയാണെങ്കിൽ, മെയ് വരെ ജോലിയിൽ പ്രവേശിക്കാൻ യൂണിയൻ അംഗങ്ങളോട് പറയുമെന്നും കൂടാതെ, ചർച്ച പരാജയപ്പെട്ടതിൻ്റെ കാരണങ്ങൾ അന്വേഷിക്കുമെന്നും മന്ത്രി പറഞ്ഞു.
വേതനം, തൊഴിൽ സുരക്ഷ, ജീവിത ചിലവ് അലവൻസ് തുടങ്ങി നിരവധി ആവശ്യങ്ങളുമായാണ് 55,000-ത്തിലധികം കാനഡ പോസ്റ്റ് തൊഴിലാളികൾ പണിമുടക്ക് ആരംഭിച്ചത്.
