ഇന്ത്യയുടെ കൗമാര ചെസ് വിസ്‌മയം ആർ പ്രഗ്‌നാനന്ദ ലോകചാമ്പ്യൻ ചൈനയുടെ ഡിങ് ലിറനെ വീഴ്‌ത്തി. നെതർലൻഡ്‌സിൽ നടക്കുന്ന ടാറ്റാ സ്‌റ്റീൽസ് ചെസ് ടൂർണമെന്റിലാണ് വിജയം. ഇതോടെ ഇന്ത്യയിലെ ഒന്നാംനമ്പർ കളിക്കാരനെന്ന ബഹുമതിയും സ്വന്തമായി. മുൻ ലോകചാമ്പ്യൻ വിശ്വനാഥൻ ആനന്ദിനെയാണ് ഫിഡെ റേറ്റിങ്ങിൽ മറികടന്നത്. പതിനെട്ടുകാരന്റെ റേറ്റിങ് 2748.3 ആയി ഉയർന്നു. ആനന്ദിന്റേത് 2748.
ഈ ടൂർണമെന്റിൽ കഴിഞ്ഞവർഷവും പ്രഗ്‌നാനന്ദ ലിറനെ തോൽപ്പിച്ചിരുന്നു. അപ്പോൾ ചൈനക്കാരൻ രണ്ടാംറാങ്കിലായിരുന്നു. ലോകചാമ്പ്യനെ തോൽപ്പിക്കുന്ന രണ്ടാമത്തെ ഇന്ത്യക്കാരനെന്ന നേട്ടവും ചെന്നൈ സ്വദേശി സ്വന്തമാക്കി. ആനന്ദാണ് ആദ്യമായി ലോകചാമ്പ്യനെ തോൽപ്പിച്ചത്. നാല് റൗണ്ട് പൂർത്തിയായപ്പോൾ രണ്ടര പോയിന്റുമായി പ്രഗ്‌നാനന്ദ മുന്നാംസ്ഥാനത്താണ്. നെതർലൻഡ്‌സിന്റെ അനീഷ് ഗിരിയാണ് (മൂന്നര) ഒന്നാമത്. മൂന്ന് പോയിന്റുമായി അലിറെസ ഫിറൗസ് രണ്ടാമതുണ്ട്.
ലോകചാമ്പ്യനെ നേരിടാനുള്ള എതിരാളിയെ കണ്ടെത്താനുള്ള കാൻഡിഡേറ്റ് ടൂർണമെന്റിന് പ്രഗ്‌നാനന്ദ യോഗ്യത നേടിയിട്ടുണ്ട്. ഈ ടൂർണമെന്റ് കളിക്കുന്ന എട്ടുപേരിൽ മൂന്ന് ഇന്ത്യക്കാരാണുള്ളത്. വിദിത് ഗുജറാത്തിയും ഡി ഗുകേഷുമാണ് മറ്റുള്ളവർ.







