വ്യത്യസ്ഥമായൊരു പ്രമേയം അവതരിപ്പിച്ച് പ്രേക്ഷകരുടെ പ്രശംസ നേടിയെടുത്ത് ഷൈൻ ടോം ചാക്കോയെ നായകനാക്കി കമൽ സംവിധാനം ചെയ്ത വിവേകാനന്ദൻ വൈറലാണ് പ്രദർശനം തുടരുകയാണ്. അതിനിടയിൽ ചിത്രത്തിന് എതിരെ ഒരു പ്രേക്ഷകൻ നൽകിയ പരാതിയും വൈറലായിരിക്കുകയാണ്. ചിത്രം സമൂഹത്തിന് തെറ്റായ സന്ദേശമാണ് നൽകുന്നത് എന്നാണ് പരാതി. ചിത്രത്തിൻ്റെ നിർമ്മാതാക്കളും പരാതിയോട് പ്രതികരിച്ചിട്ടുണ്ട്. നിർമ്മാതാക്കളിൽ ഒരാളായ പി എസ് ഷെല്ലിരാജ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെ..
”വിവേകാനന്ദൻ വൈറലാണ് എന്ന സിനിമ പ്രൊഡ്യൂസറാണ്, നിലവിലെ സാഹചര്യങ്ങളെക്കുറിച്ച്, വിവേകാനന്ദൻ വൈറലാണ് എന്ന ഞങ്ങളുടെ സിനിമക്കെതിരായി ഒരു വക്കീൽ നോട്ടീസ് ലഭിച്ചു അവര് കേസ് ബഹുമാനപെട്ട കേരളാ ഹൈ കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഈ സിനിമ പുരുഷ വിരുദ്ധമാണെന്നും സ്ത്രീകൾ ഇങ്ങനെ പ്രതികരിച്ചു തുടങ്ങിയാൽ പുരുഷൻമാർക്ക് പുറത്തിറങ്ങി നടക്കാൻ പറ്റില്ല എന്നൊക്കെയാണ് അവർ വാദിക്കുന്നത്.. ഈ സിനിമയിലൂടെ ഒരിക്കലും പുരുഷ സമൂഹത്തെ ഒന്നടങ്കം അപമാനിക്കാനൊ അധിക്ഷേപിക്കാനോ ഞങ്ങൾ ശ്രമിച്ചിട്ടില്ല. തെറ്റ് ചെയ്യുന്നത് പുരുഷനായാലും സ്ത്രീയായാലും അതിന്റെ ഫലം അവർ തന്നെ അനുഭവിക്കണമെന്ന പക്ഷക്കാരനാണ് ഞങ്ങൾ.







