ടൊറന്റോ പിയേഴ്സൺ വിമാനത്താവളത്തിലെ വിവിധ തൊഴിൽ തസ്തികളിലേക്ക് ജീവനക്കാരെ കണ്ടെത്താൻ സംഘടിപ്പിച്ച തൊഴിൽ മേളയിൽ പങ്കെടുക്കാൻ എത്തിയത് നൂറ് കണക്കിന് ഉദ്യോഗാർത്ഥികൾ. കാനഡയിൽ തൊഴിലില്ലായ്മ രൂക്ഷമാകുന്നതിന്റെ നേർക്കാഴ്ചയായാണ് തൊഴിൽ മേളയിലേക്ക് എത്തിയ ജനബാഹുല്യത്തെ വിലയിരുത്തുന്നത്.
ടൊറന്റോ കോൺഗ്രസ് സെന്ററിൽ നടന്ന മേള 700 ഓളം തസ്തികകളിലേക്കുള്ള നിയമനത്തിനായാണ് നടത്തിയത്. ഉച്ചക്ക് രണ്ടു മണിക്ക് അവസാനിക്കുമെന്ന് അറിയിച്ച മേള തിരക്ക് കാരണം ഒരു മണിക്ക് തന്നെ ആളുകളെ സ്വീകരിക്കുന്നത് നിർത്തി. ഏറെ പ്രതീക്ഷയോടെ എത്തിയ പല ഉദ്യോഗാർത്ഥികളും ഇതോടെ നിരാശയോടെ മടങ്ങി.
കസ്റ്റമർ സർവീസ്, ഫുഡ് ആൻഡ് ബിവറേജസ്, സെക്യൂരിറ്റി ബാഗേജ് ഹാൻഡ്ലിംഗ് തുടങ്ങി കരിയർ അവസരങ്ങളാണ് വിമാനത്താവളത്തിൽ നിലനിൽക്കുന്നത്. മുൻപും ഇത്തരം തൊഴിൽമേളകളിലൂടെ നിരവധി പേർക്ക് വിമാനത്താവളത്തിൽ ജോലി ലഭിച്ചിട്ടുണ്ട്. 2023 ഒക്ടോബറിൽ നടന്ന ജോബ് ഫെയറിലൂടെ ചുരുങ്ങിയത് 450ഓളം പേർക്കെങ്കിലും തൊഴിൽ ലഭിച്ചിട്ടുണ്ട്.
