ടൊറൻ്റോയിൽ ജീവൻ അപകടപ്പെടുത്തുന്ന ബാക്ടീരിയ അണുബാധകൾ പടരുന്നതായി പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ. ഈ വർഷം ഇതുവരെയായി 13 ഇൻവേസീവ് മെനിംഗോകോക്കൽ ഡിസീസ് (ഐഎംഡി) കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിൽ രണ്ട് രോഗികൾ ഗുരുതരാവസ്ഥയിലാണ്. 2002 ന് ശേഷം ഏറ്റവും കൂടുതൽ ഐഎംഡി സ്ഥിരീകരിച്ച കേസുകൾ റിപ്പോർട്ട് ചെയ്തത് ഈ വർഷമാണെന്ന് ടൊറൻ്റോ പബ്ലിക് ഹെൽത്ത് പറയുന്നു. അണുബാധകൾ പടരുന്ന സാഹചര്യത്തിൽ ആശങ്കകൾ ഉണ്ടെന്നും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടുണ്ടെന്ന് ജനങ്ങൾ ഉറപ്പുവരുത്തണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഐഎംഡി ഡിസീസിന് കാരണം മെനിഞ്ചൈറ്റൈഡ്സ് ബാക്ടീരിയയാണ്. ചുമ, തുമ്മൽ, രോഗ ബാധിതരായ ആളുകളുടെ ശ്വാസ കോശ ശ്രവങ്ങളിലൂടെയും രോഗം പകരാം. പനി, സന്ധി വേദന, തല വേദന എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
2024-ൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഉൾപ്പെടെ മറ്റ് നിരവധി രാജ്യങ്ങളിൽ ഐഎംഡി കേസുകളുടെ വർധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ പറയുന്നു.ഏത് പ്രായത്തിലുമുള്ള ആളുകളെയും ഈ രോഗം ബാധിക്കാമെങ്കിലും, വാക്സിനേഷൻ എടുക്കാത്ത അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലും കൗമാരക്കാരിലും യുവാക്കളിലും രോഗ സാധ്യത കൂടുതലാണെന്ന് റിപ്പോർട്ട് പറയുന്നു.
മെനിംഗോകോക്കൽ വാക്സിൻ സ്വീകരിച്ചിട്ടില്ലാത്ത 18 നും 36 നും ഇടയിൽ പ്രായമുള്ളവർ പ്രതിരോധ കുത്തിവെയ്പ്പ് സ്വീകരിക്കണമെന്നും പൊതുജനാരോഗ്യ ഉദ്യോഗസ്ഥർ ഓർമ്മപ്പെടുത്തുന്നു.
മരണത്തിലേക്ക് നയിച്ചേക്കാം, ടൊറൻ്റോയിൽ ഇൻവേസീവ് മെനിംഗോകോക്കൽ ഡിസീസ് പടരുന്നു; മുന്നറിയിപ്പ്
Reading Time: < 1 minute






