ആരോഗ്യപരിരക്ഷയുമായി ബന്ധപ്പെട്ട സേവനങ്ങൾ വൈകി ലഭിക്കുന്നത് തടയാനും ഇതുവഴി ജീവൻ നഷ്ടപ്പെടുന്നത് ഒഴിവാക്കാനുമായി ഊർജ്ജിത നടപടി സ്വീകരിക്കാൻ പെറ്റീഷനുമായി മലയാളി സംഘടന. ട്രിവാൻഡ്രം മലയാളി അസോസിയേഷൻ ഓഫ് കാനഡ എന്ന സംഘടനയാണ് ഇതരത്തിലൊരു ഉദ്യമവുമായി രംഗത്തെത്തിയത്.
സമയത്ത് ചികിത്സ ലഭിക്കാത്തത് കാരണം മലയാളി വിദ്യാർത്ഥിനിയായ സാന്ദ്ര സലീം എന്ന 25 വയസ്സുകാരി മരണപ്പെട്ടത് കഴിഞ്ഞ ദിവസങ്ങളിൽ വൻ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. കുട്ടി ചികിത്സ തേടിയ കിച്ചണറിലെ ഗ്രാൻഡ് റിവർ ഹോസ്പ്പിറ്റലിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉയരുന്നത്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കവുമായി മലയാളി സംഘടന മുന്നോട്ടു വന്നിരിക്കുന്നത്.
ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലെന്നും, സർക്കാരിന്റെ അടിയന്തരശ്രദ്ധ വേണ്ട സുപ്രധാന വിഷയമാണെന്നും പ്രതിഷേധക്കാർ പറയുന്നു. ഇത്തരം സംഭവങ്ങൾ വ്യാപകമായി ആവർത്തിക്കപ്പെടുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. പെറ്റീഷനിൽ ഒപ്പ് വെക്കുന്നതിലൂടെ കാനഡയിലെ ദുർബലമായ ഹെൽത്ത് കെയർ സംവിധാനത്തിനെതിരെ പ്രതികരിക്കുകയാണ് ഓരോരുത്തരും ചെയ്യുന്നതെന്ന് ഇവർ വ്യക്തമാക്കുന്നു.
ഒന്റാരിയോ റീജിണൽ മലയാളി അസോസിയേഷൻ ഓഫ് കാനഡ, കേരള കൾച്ചറൽ അസോസിയേഷൻ ഓഫ് കാനഡ, വെട്ടറൻസ് കാനഡ, ഹാലിഫാക്സ് മലയാളി അസോസിയേഷൻ, ഇൻഡോർ കനേഡിയൻ കൗൺസിൽ ഫോർ ആർട്സ് ആൻഡ് കൾച്ചർ, മലയാളി അസോസിയേഷൻ ഓഫ് ഒട്ടാവ തുടങ്ങിയ നിരവധി സംഘടനകൾ പെറ്റീഷനെ പിന്തുണയ്ക്കുന്നുണ്ട്.
