യുഎസ് പ്രസിഡന്റായി അധികാരത്തിലെത്തിയാൽ വിദേശവിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് നൽകുമെന്ന് പ്രഖ്യാപിച്ച് റിപബ്ലിക് പാർട്ടി സ്ഥാനാർഥി ഡോണൾഡ് ട്രംപ്. യുഎസ് കോളജുകളിൽ നിന്നും ബിരുദം പൂർത്തിയാക്കുന്ന വിദ്യാർഥികൾക്കാണ് ഗ്രീൻകാർഡ് നൽകുക. യുഎസിലെ പെർമനന്റ് റസിഡന്റ് കാർഡാണ് ഗ്രീൻ കാർഡ്. യുഎസ് പൗരത്വത്തിനുള്ള ആദ്യപടിയായാണ് ഗ്രീൻകാർഡിനെ കണക്കാക്കുന്നത്.
യുഎസിലെ കോളജിൽ നിന്നും ബിരുദം പൂർത്തിയാക്കുന്ന വിദേശവിദ്യാർഥികൾക്ക് ഗ്രീൻകാർഡ് ലഭിക്കാൻ അർഹതയുള്ളതായി താൻ കരുതുന്നു എന്ന് ട്രംപ് പറഞ്ഞു. ജൂനിയർ കോളജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്കും ഇതിന്റെ ആനുകൂല്യം ലഭിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ നയത്തിൽ കർശനമായ നിലപാട് തുടരുന്നതിനിടെയാണ് ട്രംപിന്റെ പുതിയ പ്രഖ്യാപനം.
2017 മുതൽ 2021 വരെ പ്രസിഡന്റായിരുന്ന സമയത്ത് കുടിയേറ്റവിരുദ്ധമായ നയമായിരുന്നു ട്രംപ് സ്വീകരിച്ചിരുന്നത്. യുഎസ് ടെക് കമ്പനികൾ ഉപയോഗിച്ചിരുന്ന എച്ച്1ബി1 വിസയിൽ ഉൾപ്പടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എച്ച് 1 ബി വിസകൾ ഉപയോഗിക്കുന്നത് നിർത്തലാക്കുമെന്നും അമേരിക്കൻ പൗരന്മാരായ തൊഴിലാളികൾക്കു മുൻഗണന നൽകുമെന്നും 2016ൽ ട്രംപ് പ്രഖ്യാപിച്ചിരുന്നു.
അധികാരത്തിലെത്തിയാൽ വിദേശവിദ്യാർഥികൾക്ക് ഗ്രീൻ കാർഡ് നൽകും; ട്രംപ്
Reading Time: < 1 minute






