ഈ ഭൂമിയിലെ ഏറ്റവും മനോഹരമായ കാഴ്ചകളിലൊന്നാണ് നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ ധ്രുവദീപ്തി. പ്രപഞ്ചത്തിന്റെ സുന്ദരമായ ക്യാന്‍വാസില്‍ വിരിയുന്ന ചായക്കൂട്ട്. ഒരേ സമയം മനോഹരവും ഭയാനകവുമായ ഒരു കാഴ്ച. ഭൂമിയും സൂര്യനുംചേര്‍ന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി ഒരുക്കിയ വര്‍ണവിസ്മയം. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്‌ട്രേലിസ് (Aurora Australis) എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് (Aurora Borealis) എന്നും അറിയപ്പെടുന്ന ധ്രുവദീപ്തി.
പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും ധ്രുവദീപ്തി കാണപ്പെടുന്നത്. സൂര്യനില്‍ നിന്നു വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ വിവിധ വാതക കണങ്ങളുമായി കൂട്ടിയിടിക്കുന്നതിനനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്. കാനഡ, നോര്‍വെ, സ്വീഡന്‍, ഐസ്‌ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഗ്രീന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലാണ് ഇത് കാണാന്‍ സാധിക്കുക. മിക്കവാറും സ്ഥലങ്ങളിലെല്ലാം വര്‍ഷത്തില്‍ ഏതാനും ദിവസങ്ങളില്‍ മാത്രമാണ് ഈ കാഴ്ച ലഭ്യമാവുക. എന്നാല്‍ വര്‍ഷത്തില്‍ മുന്നൂറ് ദിവസവും നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാന്‍ സാധിക്കുന്നൊരു സ്ഥലമുണ്ട്. കാനഡയിലെ ചര്‍ച്ചില്‍ എന്ന കൊച്ചു ടൗണില്‍.
തീവ്രമായ സൗര കൊടുങ്കാറ്റ് കാരണം, ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് കാനഡയിൽ ദൃശ്യമാകും. ശക്തമായ സൗര കൊടുങ്കാറ്റ് വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ഭൂമിയെ ബാധിക്കുമെന്ന് നാഷണൽ ഓഷ്യാനിക് ആൻഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷൻ്റെ സ്‌പേസ് വെതർ പ്രെഡിക്ഷൻ സെൻ്റർ (എസ്‌ഡബ്ല്യുപിസി) വ്യക്തമാക്കിയിരുന്നു.







