ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം വഴി കാനഡക്കാർക്ക് പ്രതിവർഷം അൺക്ലെയ്മിഡ് ബെനിഫിറ്റ് ആയി ഒരു ബില്യൺ ഡോളറിലധികം ലഭിക്കുമെന്ന് പാർലമെന്ററി ബജറ്റ് ഓഫീസർ ( പിബിഒ ) പ്രസിദ്ധീകരിച്ച റിപ്പോർട്ട്. ചില കനേഡിയൻസിന്, പ്രത്യേകിച്ച് നേരത്തെ റിട്ടേണുകൾ ഫയൽ ചെയ്യാത്തതോ ഫയൽ ചെയ്യുന്നതിൽ ഗ്യാപ്പ് വന്നിട്ടുള്ളതോ ആയ താഴ്ന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് എങ്ങനെയാണ് ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ് സംവിധാനം ഗുണം ചെയ്യുക എന്നാണ് പി ബി ഒ വിശദമാക്കിയത്.
2020ൽ കാൾട്ടൺ സർവ്വകലാശാലയിലെ രണ്ട് പ്രൊഫസർമാർ നടത്തിയ പഠനപ്രകാരം, കാനഡയിലെ 10 മുതൽ 12 ശതമാനം ആളുകൾ വർഷത്തിൽ റിട്ടേണുകൾ ഫയൽ ചെയ്യുന്നില്ല. അതുകൊണ്ടുതന്നെ അവർക്ക് ഇതിൽ നിന്നുള്ള ആനുകൂല്യങ്ങളും ലഭിക്കുന്നില്ല. ഓട്ടോമാറ്റിക് സിസ്റ്റം ഇപ്പോൾ നടപ്പിലാക്കുകയാണെങ്കിൽ 1.6 ബില്യൺ ഡോളർ ബെനിഫിറ്റായി നികുതിദായകരായ കുടുംബങ്ങൾക്ക് ലഭിക്കുമായിരുന്നുവെന്ന് പിബിഒ പറഞ്ഞു. അഞ്ചു വർഷത്തിൽ ഇത് 1.9 ബില്യൺ ഡോളറിൽ എത്തുമെന്നും ഇവർ വ്യക്തമാക്കി.
കാനഡ ചൈൽഡ് ബെനിഫിറ്റ്, കാനഡ വർക്കർ ബെനിഫിറ്റ്, GST/HST ടാക്സ് ക്രെഡിറ്റുകൾ എന്നിങ്ങനെയുള്ള വ്യക്തിഗത ടാക്സ് റിട്ടേണുകൾ ഫയൽ ചെയ്യുക വഴി നികുതിധായകർക്കു ലഭിക്കുന്ന ബെനിഫിറ്റുകളാണ് പിബിഒ ഇതിലൂടെ ഉദ്ദേശിക്കുന്നത്.
ഓട്ടോമാറ്റിക് ടാക്സ് ഫയലിംഗ്; കാനേഡിയൻസിന് പ്രതിവർഷം ലഭിക്കാവുന്നത് ബില്യൺ ഡോളറിലധികം
Reading Time: < 1 minute






