ഇന്ത്യക്കാര്‍ക്കിടയില്‍ വന്‍ പ്രചാരമുള്ള കുടിയേറ്റ ഇതര വിസാഫീസുകള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.എസ്. കുത്തനെ കൂട്ടി. എച്ച്-1ബി, എല്‍-1, ഇ.ബി-5 എന്നീ വിഭാഗങ്ങളിലുള്ള വിസകളുടെ ഫീസാണ് വര്‍ധിപ്പിച്ചത്. പുതുക്കിയ ഫീസ് ഏപ്രില്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. പുതുതായി യു.എസ്. വിസയ്ക്ക് അപേക്ഷിക്കാനിരിക്കുന്ന ഇന്ത്യക്കാരെ പ്രതിസന്ധിയിലാക്കുന്നതാണ് നടപടി.
എച്ച്-1 ബി വിസയിലൂടെ ഓരോവര്‍ഷവും പതിനായിരക്കണക്കിന് ഇന്ത്യന്‍ പ്രൊഫഷണലുകളാണ് യു.എസിലെത്തുന്നത്. ഫീസ് ഘടനയില്‍ വരുത്തിയമാറ്റങ്ങള്‍ അറ്റ ചെലവുകള്‍, ആനുകൂല്യങ്ങള്‍, ട്രാന്‍സ്ഫര്‍ പേമെന്റുകള്‍ എന്നിവയെ ബാധിക്കുമെന്ന് ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹോംലാന്‍ഡ് സെക്യൂരിറ്റി ബുധനാഴ്ച പുറത്തുവിട്ട ഫെഡറല്‍ വിജ്ഞാപനത്തില്‍ പറയുന്നു.
തൊഴില്‍വിസയായ എച്ച്-1ബിയുടെ ഫീസ് 460 ഡോളറില്‍നിന്ന് (ഏകദേശം 38,170 രൂപ) 780 ഡോളറായി (ഏകദേശം 64,721 രൂപ) വര്‍ധിപ്പിച്ചു. സാങ്കേതികരംഗത്തുള്‍പ്പെടെ വൈദഗ്ധ്യം ആവശ്യമുള്ള രംഗങ്ങളില്‍ വിദേശതൊഴിലാളികള്‍ക്ക് നല്‍കുന്ന വിസയാണിത്. എച്ച്-1ബി വിസയ്ക്കുള്ള രജിസ്ട്രേഷന്‍ഫീസ് അടുത്ത വര്‍ഷത്തോടെ 10 ഡോളറില്‍നിന്ന് (ഏകദേശം 830 രൂപ) 215 ഡോളറായി (ഏകദേശം 17,841 രൂപ) ഉയര്‍ത്തും.
