ഉന്നത നിലവാരമുള്ള വിദ്യാഭ്യാസ സംവിധാനം, വൈവിധ്യമാർന്ന സംസ്കാരം എന്നിവയെല്ലാം കൊണ്ട് അന്തർദേശീയ വിദ്യാർത്ഥികൾക്ക് പ്രിയപ്പെട്ടയിടമാണ് കാനഡ. രക്ഷിതാക്കൾ തങ്ങളെ സന്ദർശിക്കണമെന്നും കാനഡയുടെ ഭംഗി ആസ്വദിക്കാൻ അവർക്കും അവസരം ഉണ്ടാവണമെന്നും ആഗ്രഹിക്കുന്ന വിദേശ വിദ്യാർത്ഥികൾ ഏറെയാണ്. ഇത്തരക്കാർക്ക് രാജ്യം അതിനുള്ള അവസരം ഒരുക്കുന്നുമുണ്ട്. ആറ് മാസം സാധുതയുള്ള സന്ദർശക വിസയാണ് വിദ്യാർത്ഥികളുടെ രക്ഷകർത്താക്കൾക്കായി ഓഫർ ചെയ്യുന്നത്. ഈ വിസ നേടുന്നതിനുള്ള നടപടിക്രമങ്ങളും ആവശ്യമായ ഡോക്യുമെന്റുകളും എന്തൊക്കെ എന്ന് നോക്കാം.
ലെറ്റർ ഓഫ് ഇൻവിറ്റേഷൻ
രാജ്യത്തേക്ക് രക്ഷിതാക്കളെ ക്ഷണിക്കുന്നതിന് ഏറ്റവും അത്യാവശ്യമായ രേഖയാണിത്. ഇതിൽ മുഴുവൻ പേര്, മേൽവിലാസം, ഫോൺ നമ്പർ, വിദ്യാർത്ഥിയുമായുള്ള ബന്ധം, സന്ദർശനത്തിന്റെ ആവശ്യകത, എത്ര നാൾ, എവിടെ താമസിക്കും തുടങ്ങിയ വിവരങ്ങൾ, കാനഡയിൽ നിന്ന് തിരിച്ചു പോകുന്ന ഡേറ്റ് എന്നിവ ഉൾപ്പെടുത്തണം.
രക്ഷിതാക്കളുടെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ്
ഓപ്ഷണൽ ആണെങ്കിലും ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് ശക്തമായ ഒരു രേഖയാണ്. ബാങ്കിന്റെ പേര്, വിലാസം, സ്റ്റേറ്റ്മെന്റിലുള്ള പേര്, വിലാസം, ചുരുങ്ങിയത് ആറുമാസത്തെ എങ്കിലും അക്കൗണ്ട് വിവരങ്ങൾ( ബാലൻസ് ഉൾപ്പെടെ ) എന്നിവ ഇതിൽ വേണം.
മറ്റ് രേഖകൾ
രക്ഷിതാക്കളുടെ എംപ്ലോയ്മെന്റ് ലെറ്റർ ( ആവശ്യമെങ്കിൽ ), വിദ്യാർത്ഥിയുടെ സ്റ്റഡി പെർമിറ്റ്, എൻറോൾമെന്റ് ലെറ്റർ, പഠിച്ചുകൊണ്ടിരിക്കുന്ന പ്രോഗ്രാം പൂർത്തിയായെങ്കിൽ കംപ്ലീഷൻ ലെറ്റർ, പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് വർക്ക് പെർമിറ്റ് ആപ്ലിക്കേഷൻ കൺഫർമേഷൻ.
എങ്ങനെ അപേക്ഷിക്കാം
ഐആർസിസി പോർട്ടലിലൂടെ വളരെ ലളിതമായി വിസയ്ക്ക് അപേക്ഷിക്കാം. പോർട്ടലിൽ സൈൻ അപ്പ് ചെയ്തശേഷം ലോഗിൻ ചെയ്യുക. ആവശ്യമായ വിവരങ്ങൾ നൽകിക്കൊണ്ട് സന്ദർശക വിസയ്ക്കുള്ള അപേക്ഷ ഫോം പൂരിപ്പിക്കുക. ഒപ്പം ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യുക. ശേഷം പ്രോസസിങ് ഫീ അടയ്ക്കുക. മിക്ക അപേക്ഷകർക്കും ബയോമെട്രിക്സ് ( വിരലടയാളം, ഫോട്ടോ ) പ്രൊവൈഡ് ചെയ്യേണ്ടതായി വരും. ഇത് നിങ്ങളുടെ രാജ്യത്തെ ഒരു അംഗീകൃത ബയോമെട്രിക് കളക്ഷൻ സർവീസ് പോയിന്റിൽ നിന്ന് ചെയ്യാവുന്നതാണ്.