തിങ്കളാഴ്ച വൈകിട്ട് ടൊറന്റോ പിയേഴ്‌സണ്‍ ഇന്റര്‍നാഷണല്‍ വിമാനത്താവളത്തില്‍ എയര്‍ കാനഡയുടെ തുറന്നുപോയ ക്യാബിന്‍ ഡോറിലൂടെ വീണ യാത്രക്കാരന് പരുക്കേറ്റ സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി കമ്പനി അതികൃതർ വ്യക്തമാക്കി. ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന എയര്‍ കാനഡ വിമാനത്തിലാണ് ബോയിംഗ് 777 വിമാനത്തില്‍ കയറിയ യാത്രക്കാരന്‍ സീറ്റിലേക്ക് ഇരിക്കുന്നതിന് പകരം വിമാനത്തിന്റെ എതിർവശത്തുള്ള ക്യാബിന്‍ ഡോര്‍ തുറക്കുകയായിരുന്നുവെന്ന് എയര്‍ലൈന്‍ വക്താവ് പറയുന്നു.
ഡോറിലൂടെ താഴേക്ക് വിമാനത്താവളത്തിന്റെ ടര്‍മാക് പ്രതലത്തില്‍ വീണ യാത്രക്കാരന് പരുക്കേറ്റു. ഉടന്‍ തന്നെ എമര്‍ജന്‍സി സര്‍വീസ് ജീവനക്കാരെത്തി യാത്രക്കാരനെ രക്ഷിച്ചു. യാത്രക്കാരന്റെ നിലവിലെ സ്ഥിതി എന്താണെന്ന് വ്യക്തമല്ല. ടൊറന്റോയില്‍ നിന്ന് 319 യാത്രക്കാരുമായി ദുബായിലേക്കുള്ള വിമാനം സംഭവത്തെ തുടര്‍ന്ന് ഏറെ വൈകിയാണ് പുറപ്പെട്ടത്.
