തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണശാലയില്‍ വന്‍ സ്‌ഫോടനം. ഒരാള്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ വിഷ്ണു എന്നയാളാണ് മരിച്ചത്. 16 പേര്‍ക്ക് പരിക്കേറ്റെന്നാണ് വിവരം. പരിക്കേറ്റവരെ തൃപ്പൂണിത്തറ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ നാല് പേരുടെ നില ഗുരുതരമാണ്. ഇവരെ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. രാവിലെ പത്തരയോടെ പാലക്കാട്ട് നിന്നും തെക്കുംഭാഗത്തെ പടക്ക സംഭരണശാലയിലേക്ക് എത്തിച്ച പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്. ഒരു കിലോമീറ്റര്‍ അകലെവരെ പൊട്ടിത്തറിയുടെ പ്രകമ്പനമുണ്ടായി. സമീപത്തെ 45 ഓളം വീടുകള്‍ക്കും കേടുപാടുകളുണ്ടായിട്ടുണ്ട്. അതേ സമയം സ്‌ഫോടനവുമായി ബന്ധപ്പെട്ട് പുതിയകാവ് അമ്പല കമ്മിറ്റി ഭാരവാഹികളായ നാലു പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്. മനപ്പൂർവം അല്ലാത്ത നരഹത്യ വകുപ്പ് ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തിലെ പ്രധാന പ്രതികളായ കരാറുകാരും ജോലിക്കാരും പരിക്കേറ്റ് ചികിത്സയിലാണ്. അമ്പല കമ്മിറ്റിയിലെ മറ്റു ഭാരവാഹികൾ ഒളിവിലാണ്. വെടിക്കെട്ട് നടത്താൻ കരാറെടുത്ത കരാറുകാരൻ ഉൾപ്പെടെ ചികിത്സയിലായതിനാൽ ഇവരിൽനിന്നും വിവരങ്ങൾ തേടാനായിട്ടില്ല.
ക്ഷേത്രോത്സവത്തിന് വെടിക്കെട്ട് നടത്തുന്നതിന് അമ്പലക്കമ്മിറ്റിക്ക് അനുമതി നൽകിയിരുന്നില്ലെന്നും അനധികൃതമായാണ് സ്ഫോടക വസ്തുക്കൾ സൂക്ഷിച്ചിരുന്നതെന്നുമാണ് പൊലീസ് വ്യക്തമാക്കിയത്. വെടിക്കെട്ട് നടത്തരുതെന്ന് അമ്പല കമ്മിറ്റിക്കും പടക്ക കരാറുകാർക്കും നിർദേശം നൽകിയിരുന്നു. വെടിക്കെട്ടിന് അനുമതിയും നൽകിയിരുന്നില്ല. ക്ഷേത്രോത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് വാഹനത്തില്‍ നിന്നിറക്കുമ്പോള്‍ പൊട്ടിത്തെറിച്ചത്. അനുമതിയില്ലാതെയാണ് സ്‌ഫോടകവസ്തുക്കള്‍ സൂക്ഷിച്ചതെന്ന് നാട്ടുകാര്‍ ആരോപിച്ചു. സ്‌പോടക വസ്തുക്കള്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ടായിരുന്നില്ലെന്ന് ജില്ലാ ഫയര്‍ഫോഴ്‌സും ഇ്ക്കാര്യം സ്ഥിരീകരിച്ചു.
