കാനഡയിൽ നിന്നും മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ ഇറ്റാലിയൻ തുറമുഖത്ത് പിടിയിൽ. 250 ഓളം വാഹനങ്ങൾ ആണ് തെക്കൻ ഇറ്റലിയിലെ ജോയിയാ തൗറോ തുറമുഖത്ത് വെച്ച് പിടിച്ചെടുത്തത്. മിഡിൽ ഈസ്റ്റ് വിപണിയെ ലക്ഷ്യം വെച്ചാണ് വാഹനങ്ങൾ കയറ്റി അയച്ചതെന്നാണ് സൂചന.
ഏതാനും മാസങ്ങൾക്കിടയിൽ കാനഡയിൽ നിന്ന് മോഷണം പോയതാണ് ഈ വാഹനങ്ങൾ എന്ന് അധികൃതർ അറിയിച്ചു. വിലകൂടിയതും വമ്പൻ ബ്രാൻഡുകളിലുള്ള കാറുകളാണ് ഒക്കെയുമെന്നും ഇറ്റാലിയൻ പോലീസ് പറഞ്ഞു.
റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്, ഇന്റർ പോൾ എന്നിവരിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ പ്രകാരം കണ്ടെയ്നറുകളിലാണ് മോഷ്ടിക്കപ്പെട്ട വാഹനങ്ങൾ കടത്തിയിരുന്നത്. 18 വ്യത്യസ്ത കാർഗോകളിലായാണ് ഇവ തുറമുഖത്തേക്ക് എത്തിയത്.
കാനഡയിലെ വാഹന മോഷണം ഒരു ദേശീയ പ്രതിസന്ധിയായി വിലയിരുത്തുന്നവർ ഏറെയാണ്. മോഷ്ടിച്ച വാഹനങ്ങളുടെ ഉറവിടമായി കാനഡ മാറിയെന്നും മോഷണം എളുപ്പമായതിനാൽ അന്താരാഷ്ട്ര കള്ളന്മാർ കാനഡയെ ലക്ഷ്യമിടുന്നതായും റിപ്പോർട്ട് ഉണ്ട്. മോഷ്‌ടിച്ച വാഹനങ്ങൾ മോഷ്ടാക്കൾ കൂടുതൽ ലാഭം ലഭിക്കുന്നതിനായി ആഫ്രിക്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് കയറ്റി അയയ്ക്കുകയാണ് ചെയ്യുക.
