അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് രണ്ടാഴ്‌ച കൂടി ബാക്കിനിൽക്കെ ഇതുവരെ രണ്ടുകോടി പത്തുലക്ഷം പേർ മുൻകൂർവോട്ട് രേഖപ്പെടുത്തി. ഫ്ളോറിഡ യൂണിവേഴ്‌സിറ്റി പുറത്തുവിട്ട കണക്കനുസരിച്ച് 7.8 കോടി പേർ നേരിട്ടും 13.3 കോടി പേർ പോസ്റ്റൽവഴിയും വോട്ട് ചെയ്തു. റിപ്പബ്ലിക്കൻമാരാണ് കൂടുതലായും മുൻകൂർ വോട്ടുകൾ രേഖപ്പെടുത്തിയത്.
ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർഥി കമല ഹാരിസ് പെൻസിൽവാനിയയിലെ ടെലിവിഷൻ സംവാദത്തിൽ വോട്ടർമാരുടെ പിന്തുണ തേടിയപ്പോൾ, റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണാൾഡ് ട്രംപ് ജോർജിയയിലാണു പ്രചാരണം നടത്തിയത്.
നവംബർ 5ന് നടക്കുന്ന തിരഞ്ഞെടുപ്പിനു രണ്ടാഴ്ചയിൽ താഴെ മാത്രം സമയം ശേഷിക്കെ, തീവ്രമായ മത്സരം നടക്കുന്ന 7 സംസ്ഥാനങ്ങളിൽ കമലയും ട്രംപും ഒപ്പത്തിനൊപ്പമാണ്. പ്രസിഡന്റ് സ്ഥാനത്ത് ആരെത്തുമെന്നു തീരുമാനിക്കുന്ന 7 സംസ്ഥാനങ്ങളിൽ പെൻസിൽവാനിയയും ജോർജിയയും ഉൾപ്പെടും. 2 സ്ഥാനാർഥികളും ഈ സംസ്ഥാനങ്ങൾ സന്ദർശിക്കാനാണു ശ്രമിക്കുന്നത്.
റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ പുതിയ സർവേയിൽ കമലയ്ക്കാണു നേരിയ ഭൂരിപക്ഷം. ദേശീയതലത്തിൽ കമല 46 ശതമാനം പിന്തുണ നേടിയപ്പോൾ 43 ശതമാനം ആളുകളാണു ട്രംപിനോടു താൽപര്യം പ്രകടിപ്പിച്ചത്.







