ഈ ശീതകാലത്ത് കാനഡയിലുടനീളം ചൂട് കൂടുമെന്ന് റിപ്പോർട്ട്. രാജ്യത്തിൻ്റെ ഭൂരിഭാഗം പ്രദേശങ്ങളിലും സാധാരണയോ അതിൽ കൂടുതലോ താപനില അനുഭവപ്പെടുമെന്ന് എൻവയോൺമെൻ്റ് കാനഡ പറയുന്നു. എന്നാൽ സീസൺ അവസാനത്തോടെ തുടക്കത്തേതിൽ നിന്ന് വളരെ വ്യത്യസ്തമായ കാലാവസ്ഥ ആയിരിക്കും അനുഭവപ്പെടുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
വടക്കൻ ഒൻ്റാറിയോ, ക്യൂബെക്ക്, നുനാവുട്ട്, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ എന്നിവിടങ്ങളിൽ ശൈത്യകാല താപനില സാധാരണയേക്കാൾ കൂടുതലായിരിക്കും. രാജ്യത്തിൻ്റെ മറ്റ് ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഡിസംബറിൽ താപനിലയും മഴയുടെ അളവും ശരാശരിയേക്കാൾ കൂടുതലായിരിക്കാം. എന്നാൽ ഫെബ്രുവരി അവസാനത്തോടെ അതിൽ മാറ്റമുണ്ടാകാനും സാധ്യതയുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലം കാനഡയിലെ താപനില ആഗോള താപനത്തിൻ്റെ ഇരട്ടി നിരക്കിൽ ഉയരാൻ കാരണമാകുന്നുണ്ട്. ആർട്ടിക് പ്രദേശങ്ങളിൽ ഇതിൻ്റെ ഫലം കൂടുതൽ പ്രകടമാണെന്നും എൻവയോൺമെൻ്റ് കാനഡയുടെ റിപ്പോർട്ട് പറയുന്നു .
