രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ മധുരപലഹാരം വിറ്റ സംഭവത്തിൽ വിൽപ്പനക്കാർക്കെതിരെ നടപടി ആരംഭിച്ചതായി ഇ-കൊമേഴ്‌സ് ഭീമനായ ആമസോൺ. കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി (സിസിപിഎ) ആമസോണിന് നോട്ടീസയച്ചതിന് പിന്നാലെയാണ് നടപടി ആരംഭിച്ചതായി ആമസോൺ അറിയിച്ചത്. “ചില വിൽപനക്കാരുടെ തെറ്റായ വില്പനകളെക്കുറിച്ച് സിസിപിഎയിൽ നിന്ന് ഞങ്ങൾക്ക് ആശയവിനിമയം ലഭിച്ചിട്ടുണ്ട്. ഞങ്ങളുടെ നയങ്ങൾക്കനുസൃതമായി അത്തരം ലിസ്റ്റിംഗുകൾക്കെതിരെ ഞങ്ങൾ ഉചിതമായ നടപടി സ്വീകരിക്കുന്നു,” ആമസോൺ പറഞ്ഞു
നിരവധി ഉൽപന്നങ്ങൾ ഇത്തരത്തിൽ രാമക്ഷേത്രത്തിലെ പ്രസാദമെന്ന പേരിൽ ആമസോണിൽ വിൽക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി പറഞ്ഞു. ശ്രീ റാം മന്ദിർ അയോധ്യ പ്രസാദമെന്ന പേരിൽ ലഡുവും പേഡയുമാണ് വിതരണം ചെയ്യുന്നത്. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപന്നങ്ങൾ വിൽക്കുന്നത് നിയമപ്രകാരം കുറ്റകരമാണ്. ഇത്തരത്തിൽ തെറ്റായ രീതിയിലുള്ള വിൽപന അംഗീകരിക്കാനാവില്ലെന്നും അധികൃതർ വ്യക്തമാക്കി.
