ലോസ് ആഞ്ചലസ്: ഹോളിവുഡ് നടന്‍ ക്രിസ്റ്റ്യന്‍ ഒലിവറും (51) രണ്ട് പെണ്‍മക്കളും വിമാനാപകടത്തില്‍ മരിച്ചു. ഒലിവറിനൊപ്പം പെൺമക്കളായ മഡിത ക്ലെപ്‌സർ (10), ആനിക് ക്ലെപ്‌സർ (12) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച കരീബിയിന്‍ ദ്വീപിന്‍റെ തീരത്ത് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ വിമാനം കടലില്‍ തകര്‍ന്നുവീഴുകയായിരുന്നു. 30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെയാണ് സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റോയൽ സെൻ്റ് വിൻസെൻ്റ് ആൻഡ് ഗ്രനേഡൈൻസ് പൊലീസ് ഫോഴ്‌സ് റിപ്പോർട്ട് ചെയ്യുന്നത്.
ഒലിവർ ജനിച്ചത് ജർമ്മനിയിലാണ്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും അദ്ദേഹം വേഷമിട്ടിരുന്നു. 2008-ലെ സ്‌പോർട്‌സ് ആക്ഷൻ കോമഡിയായ ‘സ്‌പീഡ് റെയ്‌സർ’, സ്റ്റീവൻ സോഡർബർഗിന്റെ 2006-ലെ രണ്ടാം ലോകമഹായുദ്ധ ചിത്രമായ ‘ദ ഗുഡ് ജർമ്മൻ’ എന്നിവയിൽ ജോർജ്ജ് ക്ലൂണിയും കേറ്റ് ബ്ലാഞ്ചെറ്റും അഭിനയിച്ചു.







