മൂന്നാം അവിശ്വാസ വോട്ടിനെ മറികടന്ന് ട്രൂഡോ സർക്കാർ. തിങ്കളാഴ്ച നടന്ന വോട്ടെടുപ്പിൽ എൻഡിപി പ്രമേയത്തിനെതിരായി വോട്ട് ചെയ്തതോടെ കൺസർവേറ്റീവ് പാർട്ടിയുടെ അവിശ്വാസ വോട്ട് പരാജയപ്പെടുകയായിരുന്നു. സർക്കാരിനെ താഴെയിറക്കുന്നതിൽ പിയർ പൊലിയേവിനെ പിന്തുണയ്ക്കില്ലെന്ന് ന്യൂ ഡെമോക്രാറ്റ് നേതാവ് കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.
വിരമിച്ച മുതിർന്നവർക്കും വികലാംഗ ആനുകൂല്യങ്ങളെ ആശ്രയിക്കുന്നവർക്കും $250 വർക്കിംഗ് കനേഡിയൻ റിബേറ്റ് അനുവദിക്കണമെന്ന എൻഡിപി പ്രമേയത്തിലും സഭയിൽ വേട്ടെടുപ്പ് നടന്നു. എൻഡിപിയും ഗ്രീൻസും മാത്രമാണ് പ്രമേയത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
അതേ സമയം ഹാമിൽട്ടൺ ഈസ്റ്റ്-സ്റ്റോണി ക്രീക്ക് ലിബറൽ എംപി ചാഡ് കോളിൻസ് എൻഡിപി പ്രമേയത്തെ പിന്തുണച്ചു.
പ്രതിപക്ഷ പാർട്ടികൾ പരസ്പരം നീക്കങ്ങൾ തടയാൻ നടപടിക്രമ തന്ത്രങ്ങൾ ഉപയോഗിക്കുന്നത് തുടരുമ്പോൾ, സർക്കാർ ചെലവുകൾക്ക് അംഗീകാരം നേടുകയാണ് ലിബറലുകൾ. ദന്ത സംരക്ഷണം, ദേശീയ സ്‌കൂൾ ഭക്ഷണ പദ്ധതി എന്നിവ ഉൾപ്പെടെയുള്ള പരിപാടികൾക്ക് 21.6 ബില്യൺ ഡോളറിൻ്റെ അനുമതിക്കായി ട്രഷറി ബോർഡ് പ്രസിഡൻ്റ് അനിത ആനന്ദ് പാർലമെൻ്റിനോട് ആവശ്യപ്പെട്ടു.







