എല്ലാ വര്‍ഷവും ഫെബ്രുവരി നാല് ലോക അര്‍ബുദ ദിനമായി ആചരിച്ചു വരുന്നു. ലോകാരോഗ്യ സംഘടനയുടെ അര്‍ബുദ ഏജന്‍സിയായ രാജ്യാന്തര അര്‍ബുദ ഗവേഷണ ഏജന്‍ജി (IARC-InterNational Agency For Research on Cancer) ലോകത്തെ അര്‍ബുദ രോഗികളുടെ കണക്കുകള്‍ പുറത്ത് വിട്ടിട്ടുണ്ട്. 115 രാജ്യങ്ങളിലായി ഇവര്‍ നടത്തിയ സര്‍വേ ഫലവും പ്രസിദ്ധീകരിച്ചു. സാര്‍വത്രിക ആരോഗ്യ പരിപാടികളുടെ ഭാഗമായി മിക്ക രാജ്യങ്ങളും അര്‍ബുദ-പാലിയേറ്റീവ് പരിചരണ സേവനങ്ങള്‍ക്ക് മതിയായ പണം നല്‍കുന്നതിന് മുന്‍തൂക്കം കൊടുക്കുന്നില്ലെന്ന് സര്‍വേയില്‍ കണ്ടെത്തി. 2022ല്‍ ഐഎആര്‍സിക്ക് ലഭ്യമായ വിവരങ്ങള്‍ പ്രകാരം അര്‍ബുദത്തിന്‍റെ വര്‍ധിച്ച് വരുന്ന ബാധ്യതകളെക്കുറിച്ച് ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. സമൂഹത്തിലെ പാര്‍ശ്വവത്കൃത ജനതയ്ക്കിടയിലെ ഈ രോഗത്തിന്‍റെ വ്യാപനത്തെക്കുറിച്ചും ലോകമെമ്പാടുമുള്ള അര്‍ബുദ രോഗികളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കേണ്ടതിന്‍റെ ആവശ്യകതയും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. 2020ലെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടുമായി രണ്ട് കോടി അര്‍ബുദ രോഗികളെ പുതിയതായി കണ്ടെത്തിയിരുന്നു. 97 ലക്ഷം പേര്‍ മരണത്തിന് കീഴടങ്ങി. അര്‍ബുദം സ്ഥിരീകരിച്ച ശേഷം അഞ്ച് വര്‍ഷം ജീവിച്ചിരുന്നവരുടെ എണ്ണം 53.5 ദശലക്ഷം ആയിരുന്നു. അഞ്ചില്‍ ഒരാള്‍ക്ക് എന്നതോതിലാണ് അര്‍ബുദം സ്ഥിരീകരിക്കുന്നത്. ഏകദേശം ഒന്‍പതില്‍ ഒരുപുരുഷനും പന്ത്രണ്ടില്‍ ഒരു സ്‌ത്രീയും അര്‍ബുദം മൂലം മരിക്കുന്നുണ്ട്. സര്‍വേയില്‍ പങ്കെടുത്ത 39 ശതമാനം രാജ്യങ്ങള്‍ക്ക് മാത്രമാണ് എല്ലാ പൗരന്‍മാര്‍ക്കും അര്‍ബുദ പരിചരണത്തിന് അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപദ്ധതികളും മറ്റും ഒരുക്കാന്‍ കഴിഞ്ഞിട്ടുള്ളത്. പാലിയേറ്റീവ് പരിരക്ഷ ആവശ്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യം ഒരുക്കാന്‍ കേവലം 28 ശതമാനം രാജ്യങ്ങള്‍ക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്.
