ടൊറൻ്റോയിലും ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലും മഞ്ഞുവീഴ്ചാ മുന്നറിയിപ്പ് നൽകി എൻവയോൺമെന്റ് കാനഡ. ചില പ്രദേശങ്ങളിൽ 15 സെൻ്റീമീറ്റർ വരെ മഞ്ഞ് വീഴ്ചയ്ക്ക് സാധ്യതയുണ്ടെന്നും ഏജൻസി മുന്നറിയിപ്പിൽ പറയുന്നു.
ഇന്ന് രാവിലെയോടെ നേരിയ തോതിൽ മഞ്ഞ് വീഴ്ച ആരംഭിക്കുമെന്നും ഉച്ചകഴിഞ്ഞോ വൈകുന്നേരമോ തീവ്രമാകുമെന്നും രാത്രിയോടെ പടിഞ്ഞാറ് നിന്ന് കിഴക്കോട്ട് മഞ്ഞ് കുറയുമെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.
പടിഞ്ഞാറ് ഹാമിൽട്ടൺ മുതൽ കിഴക്ക് ഒൻ്റാറിയോ തടാകത്തിന് ചുറ്റും കിംഗ്സ്റ്റൺ, ഗാനനോക്ക് വരെ മഞ്ഞ് വീഴ്ചാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിൽ മിസിസാഗ, ബ്രാംപ്ടൺ, വോൺ, മാർഖാം, ഒഷാവ എന്നിവയും മറ്റ് പ്രദേശങ്ങളും ഉൾപ്പെടുന്നു.
മണിക്കൂറിൽ 2 സെൻ്റീമീറ്റർ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്നും കൊടുങ്കാറ്റ് ദൃശ്യപരത കുറയ്ക്കുമെന്നും എൻവയോൺമെന്റ് കാനഡ മുന്നറിയിപ്പിൽ പറയുന്നു. ദൃശ്യപരത കുറയുകയാണെങ്കിൽ ലൈറ്റുകൾ ഓണാക്കി സുരക്ഷിതമായി വാഹനം ഓടിക്കണമെന്നും ഏജൻസി വ്യക്തമാക്കുന്നു.
ടൊറൻ്റോയിൽ ഇന്ന് ഉയർന്ന താപനില -1 സെൽഷ്യസായിരിക്കും.എന്നാൽ രാവിലെ -12 ഉം ഉച്ചതിരിഞ്ഞ് -5 ഉം ആയി അനുഭവപ്പെടുമെന്നും എൻവയോൺമെന്റ് കാനഡ പറയുന്നു.
