കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചതോടെ താല്കാലിക ഭവന നിർമ്മാണ പദ്ധതികളുമായി ഓട്ടവ. താമസത്തിന് പുറമെ ഭാഷാ പരിശീലനവും തൊഴിൽ സഹായവും പോലുള്ള സേവനങ്ങൾ നൽകും. നഗരത്തിൻ്റെ പടിഞ്ഞാറൻ ഭാഗങ്ങളിലായി കൂടുതൽ അനുയോജ്യമായ വീടുകളിലേക്ക് മാറുന്നതിന് മുമ്പ് അഭയാർത്ഥികളെ, അവരുടെ ആദ്യത്തെ ഏതാനും ആഴ്ചകൾ താമസിപ്പിക്കാനാണ് ഈ കേന്ദ്രങ്ങൾ.
പ്രദേശവാസികളുടെ എതിർപ്പിനെ തുടർന്ന് ആദ്യം താൽക്കാലിക ഭവനങ്ങൾ നിർമ്മിക്കാൻ കണ്ടെത്തിയ സ്ഥലത്ത് നിന്ന് അധികാരികൾ പിൻമാറിയിരുന്നു. നേപ്പിയൻ സ്‌പോർട്‌സ്‌പ്ലെക്‌സിന് സമീപമുള്ള ഫെഡറൽ ഗവൺമെൻ്റിൻ്റെ ഉടമസ്ഥതയിലുള്ള സ്ഥലമാണ് ഇപ്പോൾ ഭവന നിർമ്മാണത്തിന് കണ്ടെത്തിയ സ്ഥലങ്ങളിൽ ഒന്ന്. മറ്റൊന്ന് കനാറ്റയുടെ പടിഞ്ഞാറൻ പ്രദേശത്തുമാണ്. 2024 സെപ്തംബർ 30 വരെ കാനഡയിൽ ഏകദേശം 250,000 അഭയാർത്ഥികൾ ഉണ്ടായിരുന്നു.ജനുവരി മുതൽ സെപ്റ്റംബർ അവസാനം വരെ 33,000-ത്തിലധികം ക്ലെയിമുകൾ അംഗീകരിച്ചിരുന്നു.
