ജയിലില്‍ കഴിയവെ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു വിജയിച്ച ഖലിസ്ഥാന്‍ നേതാവ് അമൃത്പാല്‍ സിങ്ങിന് സത്യപ്രതിജ്ഞചെയ്യാന്‍ പരോള്‍ അനുവദിച്ചു. വെള്ളിയാഴ്ച മുതല്‍ നാലുദിവസത്തേക്കാണ് പരോള്‍. ദേശീയ സുരക്ഷാ നിയമപ്രകാരം തടവിലാക്കപ്പെട്ട് അസമിലെ ഡിബ്രുഗഡ് ജയിലില്‍ കഴിയുന്നതിനാലാണ് ഖഡൂര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട അമൃത്പാലിന് സത്യപ്രതിജ്ഞ ചെയ്യാന്‍ സാധിക്കാതെ വന്നത്.
സത്യപ്രതിജ്ഞ ചെയ്യാന്‍ പരോള്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അമൃത്പാല്‍ പഞ്ചാബ് സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. ആവശ്യമുന്നയിച്ച് സര്‍ക്കാര്‍ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്ക് അപേക്ഷ നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പരോള്‍.
സത്യപ്രതിജ്ഞ ചെയ്യുന്നതിനു വേണ്ടി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ ചേംബറിലേക്ക് അമൃത്പാലിനെ എത്തിക്കുമെങ്കിലും ലോക്‌സഭയുടെ ഔദ്യോഗിക പ്രക്രിയകളില്‍ പങ്കെടുക്കാന്‍ അനുമതിയില്ലെന്ന് അധികൃതര്‍ അറിയിച്ചു. വാരിസ് ദെ പഞ്ചാബ് എന്ന ഖലിസ്താന്‍ അനുകൂല സംഘടനയുടെ തലവനാണ് അമൃത്പാല്‍. കഴിഞ്ഞ വര്‍ഷമാണ് ദേശസുരക്ഷാ നിയമപ്രകാരം ഇദ്ദേഹത്തെ അറസ്റ്റുചെയ്തത്.
സത്യപ്രതിജ്ഞ ചെയ്യാന്‍ ഖലിസ്ഥാന്‍ നേതാവ് അമൃത്പാലിന് പരോള്‍
Reading Time: < 1 minute






