ഹൈവേകളിൽ ടോൾ നിരോധിക്കുകയെന്ന നിർണായക തീരുമാനവുമായി ഒന്റാരിയോ. പ്രവിശ്യയുടെ ഗതാഗത മന്ത്രി പ്രബ്മീത് സർകാരിയ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തി. 400 സീരീസ് ഹൈവേസിലേക്ക് ഉയർത്തപ്പെട്ട ടൊറന്റോയിലെ ഡോൺ വാലി പാർക്ക് വേ, ഗാർഡിനർ എക്സ്പ്രസ്സ് വേ എന്നിവയ്ക്കുൾപ്പടെ ടോൾ നിരോധനം ബാധകമാണെന്ന് അദ്ദേഹം അറിയിച്ചു.
എന്നാൽ സ്വകാര്യ കമ്പനി ടോൾ നിശ്ചയിച്ചിട്ടുള്ള ഹൈവേ 407നെ ഇത് ബാധിക്കില്ല. ഹൈവേ 412,418 എന്നിവയിലെ ടോൾ രണ്ട് വർഷങ്ങൾക്ക് മുൻപ് ഡഗ് ഫോർഡ് ഗവണ്മെന്റ് നീക്കം ചെയ്തിരുന്നു. അതിന് ശേഷം ഇപ്പോഴാണ് ഇത്തരമൊരു നീക്കം നടക്കുന്നത്.
ടോൾ നിരോധനവുമായി ബന്ധപ്പെട്ട നിയമ നിർമാണം അടുത്ത ആഴ്ചയോടെ ആരംഭിക്കും. നിയമം പാസായാൽ നിലവിൽ വരും. കുടുംബങ്ങളുടെയും ബിസിനസുകളുടെയും ചിലവ് കുറയ്ക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പുതിയ ടോളുകൾ സൃഷ്ടിക്കുന്ന ചിലവ് ഒഴിവാക്കി ഡ്രൈവർമാരെ സംരക്ഷിക്കുകയാണെന്നും സർകാരിയ വ്യക്തമാക്കി.
