dynu
handu abbas
chris-lamannil-header
bineesh-baby-header2
dynu Kuriyan
#Canada #canada malayalam news #canada malayalam news Bulletin #Canada Malayalm News Daily #Health #Kerala

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം, എന്താണ് രോ​ഗം, ലക്ഷണങ്ങൾ‌ അറിയാം

Reading Time: < 1 minute

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. 12കാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. രോഗലക്ഷണങ്ങളുമായി കഴിഞ്ഞ തിങ്കളാഴ്ചയാണ് കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് കുട്ടി. ഇതിനടുത്തുള്ള അച്ചന്‍കുളത്തില്‍ കുട്ടി കുളിച്ചിരുന്നു. ഇങ്ങനെയാണോ രോഗം വന്നതെന്നാണ് സംശയിക്കുന്നത്. ഇതോടെ കുളത്തില്‍ കുളിച്ച മറ്റുള്ളവര്‍ നിരീക്ഷണത്തിലാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ ദിവസം കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ച പെണ്‍കുട്ടിക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചിരുന്നു. കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റെയും ധന്യ രാഘേഷിന്റെയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ജൂണ്‍ 12-നാണ് കുട്ടി മരിച്ചത്.

അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്/ അമീബിക് മസ്തിഷ്‌ക ജ്വരം

നേഗ്ലെറിയ ഫൗലേറി എന്ന അമീബ വിഭാഗത്തിൽപെട്ട രോഗാണുവാണ് അമീബിക് മെനിഞ്ചോ എൻസെഫലൈറ്റിസ്. ജലത്തിൽ സ്വതന്ത്രമായി ജീവിക്കുന്ന അമീബ ഒഴുക്കില്ലാത്ത ജലാശയങ്ങളിലാണ് പൊതുവേ കാണുന്നത്. കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത തൊലിയിലൂടെ മനുഷ്യ ശരീരത്തിൽ കടക്കുന്നു. ഇത് തലച്ചോറിനെ ഗുരുതരമായി ബാധിക്കുന്നു. ഇത് തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം മൂർച്ഛിക്കുന്നത്. നീർച്ചാലിലോ കുളത്തിലോ കുളിക്കുമ്പോഴാണ് സാധാരണയായി ഈ രോഗാവസ്ഥ ഉണ്ടാകുന്നതായി ശ്രദ്ധയിൽപെട്ടിട്ടുള്ളത്. ജലത്തിൽ നിന്ന് ഉണ്ടാകുന്ന രോഗമാണെങ്കിലും മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് ഇത് പകരില്ല.

ലക്ഷണങ്ങൾ: രോഗം ബാധിച്ച് ഒന്ന് മുതൽ ഒൻപത് ദിവസങ്ങൾക്കുള്ളിൽ ശരീരം ലക്ഷണങ്ങളും കാട്ടി തുടങ്ങും. തീവ്രമായ തലവേദന, പനി, ഓക്കാനം, ഛർദി, കഴുത്ത് തിരിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയവ പ്രാഥമിക ലക്ഷണങ്ങളാണ്. തുടർന്ന് ഗുരുതരാവസ്ഥയിലേക്ക് എത്തുമ്പോൾ അപസ്‌മാരം, ബോധക്ഷയം, ഓർമക്കുറവ് തുടങ്ങിയ ലക്ഷണങ്ങളും ഉണ്ടാകുന്നു.

Leave a comment

Your email address will not be published. Required fields are marked *