നടിയെ ആക്രമിച്ച കേസിൽ ഹൈക്കോടതിയുടെ നിർണായക ഉത്തരവ്. മെമ്മറി കാർഡ് ചോർന്നതിലെ അന്വേഷണ റിപ്പോർട്ട് നടിക്ക് നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ജസ്റ്റിസ് കെ ബാബുവാണ് നിർണായക നിർദ്ദേശം നൽകിയത്. റിപ്പോർട്ടിന്റെ പകർപ്പ് നടിക്ക് നൽകാൻ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിനോട് ഹൈക്കോടതി നിർദ്ദേശിച്ചു.
റിപ്പോർട്ട് ലഭിക്കാത്തത് ചോദ്യം ചെയ്ത് നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിനെ കേസിലെ എട്ടാം പ്രതി ദിലീപ് എതിർത്തിരുന്നു. നടിക്ക് റിപ്പോർട്ടിന്റെ പകർപ്പ് നൽകരുതെന്നും തനിക്ക് പകർപ്പ് നൽകണമെന്നുമായിരുന്നു ദിലീപിന്റഎ ആവശ്യം. എന്നാൽ ഇത് കോടതി അംഗീകരിച്ചില്ല. പകർപ്പ് നടിയ്ക്ക് നൽകണമെന്നും കോടതി വ്യക്തമാക്കി.
2022 ലാണ് കോടതിയിൽ സൂക്ഷിച്ചിരുന്ന നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ചോർത്തപ്പെട്ടതായി റിപ്പോർട്ടുകൾ പുറത്തുവന്നത്. ദൃശ്യങ്ങൾ ചോർന്നതായി വിവരം പുറത്തുവന്നതോടെ അതിജീവിത ഹൈക്കോടതിയെ സമീപിച്ചിരുന്നു. ദൃശ്യങ്ങൾ ചോർന്നത് പ്രത്യേകം അന്വേഷിക്കണമെന്നായിരുന്നു അതിജീവിതയുടെ ആവശ്യം.
നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയെന്ന് ഫോറന്‍സിക് പരിശോധനയില്‍ നേരത്തെ കണ്ടെത്തിയിരുന്നു. 2018 ജനുവരി ഒമ്പതിനും ഡിസംബര്‍ 13നുമാണ് ആദ്യം ഹാഷ് വാല്യു മാറിയതെന്നും പിന്നീട് 2021ൽ ജൂലൈയിലും ഹാഷ് വാല്യു മാറിയിട്ടുണ്ടെന്നും ഫോറന്‍സിക് പരിശോധന ഫലത്തില്‍ കണ്ടെത്തി. വിചാരണക്കോടതിയില്‍ സമര്‍പ്പിച്ച മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയത് ഗുരുതരമായ വിഷയമാണെന്നും കൂടുതല്‍ അന്വേഷണം വേണമെന്നും ക്രൈംബ്രാഞ്ചും ആവശ്യപ്പെട്ടിരുന്നു.
