ബെംഗളൂരു: ലോകത്തിൽ തന്നെ ആദ്യമെന്ന വാദമുയർത്തി നൂറ് ശതമാനം ശർക്കരയിൽ നിന്നും നിർമ്മിച്ച റമ്മുമായി ഒരു ഇന്ത്യൻ കമ്പനി. അമൃത് ഡിസ്റ്റിലറീസാണ് ഇന്ത്യയിലെ ആദ്യത്തെ 100 ശതമാനം ശർക്കരയിൽ നിന്നുള്ള റം ബെല്ല പുറത്തിറക്കിയിരിക്കുന്നത്. കമ്പനിയുടെ 75ാം വാർഷികത്തിന്റെ ഭാഗമായാണ് ബെല്ല അവതരിപ്പിച്ചിട്ടുള്ളത്.
നൂറ് ശതമാനം ശർക്കരയിൽ നിന്ന് വാറ്റിയെടുത്ത റമ്മായ ബെല്ലയും ലക്ഷ്യമിടുന്നത് 2013 നിർമ്മിച്ച രണ്ട് ഇന്ത്യൻ നിർമ്മിത റമ്മിന്റെ പാതയാണ്. നിലവിൽ ഇന്ത്യയിലും അമേരിക്കയിലും ലഭ്യമാകുന്ന ബെല്ലയ്ക്ക് 3500 രൂപയാണ് വില. നേരത്തെ ജൂലൈ മാസത്തിൽ തന്നെ ചെറിയ രീതിയിൽ ബെല്ല പുറത്തിറങ്ങിയിരുന്നെങ്കിലും ആഗോള തലത്തിലേക്കാണ് നിലവിൽ ബെല്ല എത്തുന്നത്. ലോകത്തിൽ തന്നെ ആദ്യമായാണ് ഇങ്ങനെ നൂറ് ശതമാനം ശർക്കരയിൽ നിന്നുള്ള റം എന്നാണ് കമ്പനി അവകാശപ്പെടുന്നത്. വിസ്കി നിർമ്മാണ മേഖലയിൽ നേരത്തെ ശക്തമായ സാന്നിധ്യമായി അമൃത് ഡിസ്റ്റലറീസ് മാറിയിരുന്നു. ആഗോള സ്പിരിറ്റ് വ്യവസായത്തിൽ വ്യക്തമായ സ്ഥാനം ഉറപ്പിച്ചാണ് ഇപ്പോൾ കമ്പനി പുതിയ പരീക്ഷണവുമായി എത്തിയിട്ടുളളത്.
റം നിർമ്മാണത്തിന് ആവശ്യമായ ശർക്കര ശേഖരിക്കുന്നത് മാണ്ഡ്യയിൽ നിന്നും സഹ്യാദ്രി പർവതനിരകളിൽ നിന്നുമാണ്. തന്റെ പിതാവിന്റെ ദീർഘ വീക്ഷണത്തിനുള്ള സമർപ്പണം എന്നാണ് ബെല്ലയേക്കുറിച്ച് അമൃതിന്റെ നിലവിലെ എംഡിയായ രക്ഷിത് പ്രതികരിക്കുന്നത്.
പൂർണമായും ശർക്കരയിൽ നിന്നൊരു ‘റം’ ചരിത്രം സൃഷ്ടിച്ച് ദക്ഷിണേന്ത്യൻ കമ്പനി
Reading Time: < 1 minute






