ആർഎസ്എസിനെയും അനുബന്ധ സംഘടനകളെയും തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ട്രൂഡോയ്ക്ക് കത്ത് നൽകി 25 ദക്ഷിണേഷ്യൻ സംഘടനകളുടെ കൂട്ടായ്മ. തീവ്ര വലതുപക്ഷ തീവ്രവാദ സംഘടനകളായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
2023 ൽ കാനഡയിൽ ഖാലിസ്ഥാൻ അനുകൂല നേതാവ് ഹർദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയതിൽ ഇന്ത്യൻ സർക്കാർ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന സർക്കാർ ആരോപണത്തെച്ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള പ്രശ്നം നിലനിൽക്കുന്നതിനിടയിലാണ് പുതിയ നീക്കം.
കാനഡയിലെ സിഖ് വിരുദ്ധ അക്രമങ്ങളെ ആർഎസ്എസുമായും സംഘപരിവാറുമായും ബന്ധപ്പെടുത്തി നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലീംസ് പ്രസിദ്ധീകരിച്ച 2023ലെ റിപ്പോർട്ട് ചൂട്ടിക്കാട്ടിയാണ് ദക്ഷിണേഷ്യൻ കമ്മ്യൂണിറ്റികളിലെ അംഗങ്ങളുടെ നടപടി.
യൂറോപ്യൻ ഫാസിസത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് “ഹിന്ദുത്വ” അല്ലെങ്കിൽ ഹിന്ദു ദേശീയത പ്രോത്സാഹിപ്പിക്കുന്ന അർദ്ധസൈനിക സംഘടനയായ ആർഎസ്എസിൻ്റെ രാഷ്ട്രീയ വിഭാഗമാണ് ബിജെപിയെന്നും പ്രസ്താവന കൂട്ടിച്ചേർക്കുന്നു.
200 ദശലക്ഷം മുസ്ലീം ജനസംഖ്യയുള്ള രാജ്യത്തെ ഒരു ഹിന്ദു വംശീയ-ദേശീയ രാഷ്ട്രമാക്കുക എന്ന ലക്ഷ്യത്തിലേക്ക് സർക്കാർ ഇന്ത്യയെ കൊണ്ടുപോകുമ്പോൾ, പത്ത് വർഷത്തെ ബിജെപി ഭരണത്തിൽ ആർഎസ്എസ് സ്ഥാപകർ ഫാസിസ്റ്റ് പ്രത്യയശാസ്ത്രം വ്യക്തമായി പ്രതിപാദിച്ചു. ഇതിൻ്റെ വ്യക്തമായ ഉദാഹരണങ്ങൾ ഞങ്ങൾ കണ്ടു. സിഖ്, ദളിത്, ആദിവാസി , ക്രിസ്ത്യാനികൾ തുടങ്ങിയ ന്യൂനപക്ഷ ജനവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരാക്കുന്നതായും റിപ്പോർട്ട് പറയുന്നു.
ആർഎസ്എസുമായി ബന്ധമുള്ള വ്യക്തികളെ കനേഡിയൻ മണ്ണിൽ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തിയുള്ള ആർസിഎംപി (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) അടുത്തിടെ നടത്തിയ വെളിപ്പെടുത്തലുകളെ തുടർന്നാണ് ആവശ്യം.







