ഐഫോൺ 16 സിരീസ് പുറത്തിറങ്ങാൻ ദിവസങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഈ ശ്രേണിയിലെ ഏറ്റവും മുന്തിയ മോഡലായ ഐഫോൺ 16 പ്രോ മാക്‌സിനെ കുറിച്ച് ഒരു വിവരം ഇതിന് മുന്നോടിയായി പുറത്തുവന്നിരിക്കുകയാണ്.
ഐഫോൺ 16 പ്രോ മാക്‌സിന് ആപ്പിളിൻറെ ചരിത്രത്തിലെ ഏറ്റവും കനംകുറഞ്ഞ സ്ക്രീൻ ബെസെൽസാണ് (സ്ക്രീനിന് ചുറ്റുമുള്ള സുതാര്യമായ പുറംചട്ട) വരിക എന്നാണ് ഒരു ടിപ്‌സ്റ്റെർ പുറത്തുവിട്ടിരിക്കുന്നത്. ഈ സ്ക്രീൻ ബെസൽസിൻറെ സൈസും പുറത്തുവന്നിട്ടുണ്ട്. 1.15 എംഎം മാത്രമായിരിക്കും ബെസൽസിൻറെ വലിപ്പം എന്നാണ് സൂചന. ഇതിനൊപ്പം ഒരു ഡിസൈനും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ വർഷം ഇറങ്ങിയ ഐഫോൺ 15 പ്രോ മാക്‌സിൽ 1.71 എംഎം ബെസെൽസാണ് ഡിസ്പ്ലെയ്ക്ക് ചുറ്റുമുണ്ടായിരുന്നത്. റിപ്പോർട്ടുകൾ പ്രകാരമുള്ള 1.15 എംഎം സ്ക്രീൻ ബെസൽസാണ് ഐഫോൺ 16 പ്രോ മാക്‌സിന് വരികയെങ്കിൽ അത് ഗ്യാലക്‌സി എസ് 24 സിരീസിനും ഗൂഗിൾ പിക്‌സൽ 9 പ്രോ എക്‌സ്‌എല്ലിനേക്കാളും കുറവായിരിക്കും. ബെസെൽസ് കുറയുന്നതോടെ യൂസർമാർക്ക് ഡിസ്പ്ലെയിൽ കൂടുതൽ സ്പേസ് ലഭിക്കും. ഇത് ഫോൺ ഉപയോഗിക്കാൻ കൂടുതൽ സൗകര്യപ്രദമാകുന്ന കാര്യമാണ്. ബെസെൽസിൻറെ വലിപ്പം കുറയ്ക്കായി പ്രത്യേക ശ്രമം നടത്തുന്നതായി ആപ്പിൾ വ്യക്തമാക്കിയിരുന്നു.
സെപ്റ്റംബർ 10നാണ് ഐഫോൺ 16 സിരീസ് പുറത്തിറങ്ങുക എന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്‌സ് എന്നിവയാണ് ഈ സിരീസിൽ വരുന്ന ആപ്പിളിൻറെ സ്മാർട്ട്ഫോണുകൾ. ആപ്പിൾ 16 സിരീസ് അവതരണത്തിന് മുമ്പ് ഐഫോൺ 16 പ്രോയുടെ ഡിസൈൻ ലീക്കായിട്ടുണ്ട്. കളറിലും രൂപകൽപനയിലും മാറ്റങ്ങളോടെയാവും ഐഫോൺ 16 പ്രോ വരിക എന്നാണ് സൂചന.







