തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാക്കളായ തമ്പാനൂര്‍ സതീഷും സി എന്‍ ഉദയ കുമാറും പദ്മിനി തോമസും ബിജെപിയില്‍ ചേര്‍ന്നു. ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിമാരായ തമ്പാനൂര്‍ സതീഷ്, സിഎന്‍ ഉദയകുമാര്‍ എന്നിവരും കേരള സ്‌പോര്‍ട്സ് കൗണ്‍സില്‍ മുന്‍ അധ്യക്ഷ പദ്മിനി തോമസുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍, ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പുതുതായി പാര്‍ട്ടിയില്‍ ചേരാനെത്തിയവരെ സ്വീകരിച്ചത്.
സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റായ പത്മിനി തോമസിന് പാർട്ടിയിൽ മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് ബിജെപിയിലേക്ക് പോകാൻ കാരണമെന്നാണ് വിവരം. തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു.
തിരുവനന്തപുരം ജില്ലയിലെ ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾ ഇന്ന് ബിജെപിയിൽ ചേരുമെന്ന് ഇന്നലെ ബിജെപി നേതൃത്വം അറിയിച്ചിരിക്കുന്നു. 2011-16 ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ സുപ്രധാനമായ വകുപ്പ് കൈകാര്യം ചെയ്ത ഒരു മുന്‍ മന്ത്രി ഉള്‍പ്പെടെയുള്ള നേതാക്കളാണ് ബിജെപിയിലേക്ക് പോകാന്‍ ഒരുങ്ങുന്നതെന്നാണ് വിവരം. മുന്‍ മന്ത്രിയായ കോണ്‍ഗ്രസ് നേതാവ് ബിജെപി പാളയത്തില്‍ എത്തുകയാണെങ്കില്‍ അദ്ദേഹത്തെ കൊല്ലത്ത് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് ബിജെപി നീക്കം. മുന്‍ മന്ത്രിക്ക് പുറമേ രണ്ട് മുന്‍ എംഎല്‍എമാരും കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് പോയേക്കുമെന്നാണ് ശക്തമായ അഭ്യൂഹം.







