ന്യൂഡൽഹി: കഴിഞ്ഞ എട്ട് വർഷത്തിനിടെ കളിപ്പാട്ട കയറ്റുമതിയിൽ രാജ്യം 239 ശതമാനം വളർച്ച കൈവരിച്ചതായി റിപ്പോർട്ട്. 2022-23 സാമ്പത്തിക വർഷത്തിൽ 326 മില്യൺ ഡോളറാണ് ഭാരതത്തിന്റെ കളിപ്പാട്ട കയറ്റുമതി. 2014-15 കാലത്ത് ഇത് 96 മില്യൺ ഡോളറായിരുന്നു. അതുപോലെ കളിപ്പാട്ട ഇറക്കുമതി 52 ശതമാനം കുറഞ്ഞു. 332 മില്യൺ ഡോളറായിരുന്ന ഇറക്കുമതി നിലവിൽ 159 മില്യൺ ഡോളറാണ്. ഇന്ത്യയിലെ കളിപ്പാട്ട വ്യവസായവും കയറ്റുമതിയുമായി ബന്ധപ്പെട്ട് ഐഐഎം ലക്‌നൗ നടത്തിയ കേസ് സ്റ്റഡിയിലൂടെയാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി കളിപ്പാട്ട വ്യവസായത്തിന് അനുകൂല അന്തരീക്ഷം സൃഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ നടത്തിയ ശ്രമങ്ങളെയും റിപ്പോർട്ടിൽ പരാമർശിക്കുന്നു. ക്വാളിറ്റി കൺട്രോൾ വർദ്ധിപ്പിച്ചതും ഇറക്കുമതി താരിഫ് കൂട്ടിയതും ചൈനയിൽ നിന്നടക്കമുള്ള കളിപ്പാട്ട ഇറക്കുമതി കുറയ്‌ക്കാൻ സഹായിച്ചിട്ടുണ്ട്.
കളിപ്പാട്ട വ്യവസായത്തിൽ ഉത്പാദക യൂണിറ്റുകളുടെ എണ്ണം കഴിഞ്ഞ എട്ട് വർഷത്തിനിടെ വലിയ തോതിൽ ഉയർന്നു. ഇതോടെ ഇറക്കുമതി ചെയ്യുന്ന കളിപ്പാട്ടങ്ങളുടെ തോത് 33 ശതമാനത്തിൽ നിന്ന് 12 ശതമാനമായി. കളിപ്പാട്ട മേഖലയിൽ അടുത്ത എട്ട് വർഷത്തിനകം 12 ശതമാനം വാർഷിക വളർച്ചയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.
