കിഴക്കൻ കാനഡയിലുടനീളം ഇന്ധന വിലയിൽ വൻ വർധനയുണ്ടായേക്കുമെന്ന് വ്യവസായ വിദഗ്ധർ വ്യക്തമാക്കുന്നു. അടുത്ത ദിവസങ്ങളിൽ ഒന്റാറിയോ, ക്യൂബെക്, ന്യൂഫൗണ്ട്ലാൻഡ്, ലാബ്രഡോർ, ന്യൂ ബ്രൺസ്വിക്ക്, നോവ സ്കോട്ടിയ എന്നിവ ഉൾപ്പെടെ കിഴക്കൻ കാനഡയിൽ ഇന്ധന വിലയിൽ വൻ വർധന ഉണ്ടാകുമെന്ന് പെട്രോളിയം വിശകലന വിഭാഗം മേധാവി പാട്രിക് ഡീ ഹാൻ വ്യക്തമാക്കുന്നു. ചില മേഖലകളിൽ ഇതിനകം തന്നെ വില വർധന ദൃശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാനഡയുടെ മൂന്നിലൊരു ഭാഗത്തോളം വരുന്ന പ്രദേശങ്ങളിൽ പമ്പുകളിൽ ഇന്ധന വിലയിൽ വലിയ വർധനയുണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേപം പറയുന്നു. ഒരു ലിറ്ററിന് 10 സെന്റ് വരെ വില വർധിക്കാനിടയുണ്ടെന്നും പാട്രിക് ഡീ ഹാൻ ഓർമ്മപ്പെടുത്തുന്നു. അടുത്ത ഒന്നോ രണ്ടോ ആഴ്ച വരെ ഇന്ധന വില വർധിച്ചേക്കാം, പക്ഷേ മെയ് മാസത്തോടുകൂടി വില കുറയാൻ തുടങ്ങുമെന്നും ഡീ ഹാൻ പറഞ്ഞു.
ഇന്ധന വില വർധിക്കുമെന്ന് കനേഡിയൻസ് ഫോർ അഫോർഡബിൾ എനർജിയുടെ പ്രസിഡൻ്റ് ഡാൻ മക്ടീഗും വ്യക്തമാക്കി. ഒൻ്റാറിയോയിലും ക്യൂബെക്കിലും ഇന്ന് രാത്രിയോടെ ലിറ്ററിന് 14 ശതമാനം വർദ്ധനവ് ഉണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒൻ്റാറിയോയിലുടനീളമുള്ള നഗരങ്ങളിൽ ലിറ്ററിന് വില 1.79 ഡോളറായി ഉയരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. 2022 ഓഗസ്റ്റ് 2 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. ക്യൂബെക്കിൽ, ലിറ്ററിന് വില 1.88 ഡോളറായി ഉയരുമെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.
കിഴക്കൻ കാനഡയിലുടനീളം ഇന്ധന വിലയിൽ വൻ വർധന; വിദഗ്ധർ
Reading Time: < 1 minute






