ക്യാബിൻ ക്രൂ ക്ഷാമത്തിൻ്റെ പശ്ചാത്തലത്തിൽ എയർ ഇന്ത്യ എക്സ്പ്രസ് ഇന്ന് 74 വിമാനങ്ങൾ കൂടി റദ്ദാക്കി. അതേസമയം നിലവിലെ പ്രശ്നങ്ങൾ കുറയ്ക്കുന്നതിൻ്റെ ഭാഗമായി എയർ ഇന്ത്യ 20 റൂട്ടുകളിൽ സർവീസ് നടത്തുമെന്ന് അറിയിച്ചു. എയർലൈനിലെ കെടുകാര്യസ്ഥതയ്‌ക്കെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം ക്യാബിൻ ക്രൂ അംഗങ്ങൾ മെഡിക്കൽ ലീവ് എടുത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. ചൊവ്വാഴ്ച രാത്രി മുതൽ 90 ലധികം വിമാനങ്ങൾ റദ്ദാക്കിയിരുന്നു
“ഞങ്ങൾ ഇന്ന് 292 ഫ്ലൈറ്റുകൾ സർവീസ് നടത്തും. ഞങ്ങളുടെ 20 റൂട്ടുകളിൽ സർവീസ് നടത്തി എയർ ഇന്ത്യ ഞങ്ങളെ പിന്തുണയ്ക്കും. നിലവിൽ ഞങ്ങളുടെ 74 ഫ്ലൈറ്റുകൾ റദ്ദാക്കിയിട്ടുണ്ട്.” എയർലൈൻ പ്രസ്താവനയിൽ പറഞ്ഞു. ഫ്ലൈറ്റ് റദ്ദാക്കുകയോ മൂന്ന് മണിക്കൂറിൽ കൂടുതൽ വൈകുകയോ ചെയ്താൽ, യാത്രക്കാർക്ക് ഫുൾ റീഫണ്ട് അല്ലെങ്കിൽ പിന്നീടുള്ള തീയതിയിലേക്ക് യാതൊരു ഫീസും കൂടാതെ റീഷെഡ്യൂൾ ചെയ്യാമെന്ന് കമ്പനി പറഞ്ഞു. എയർലൈനിൻ്റെ ഷെഡ്യൂൾ ചെയ്ത പ്രതിദിന ഫ്ലൈറ്റുകളുടെ 20 ശതമാനം ഫ്ലൈറ്റുകളും ഇന്ന് സർവീസ് നടത്തില്ല.
അതേസമയം മെഡിക്കൽ ലീവ് എടുത്ത 25 ക്യാബിൻ ക്രൂ അംഗങ്ങൾക്ക് എയർലൈൻ പിരിച്ചുവിടൽ നോട്ടീസ് നൽകിയിട്ടുണ്ട്. മറ്റുള്ളവരോട് വ്യാഴാഴ്ച വൈകുന്നേരം 4 മണിക്കകം ഡ്യൂട്ടിക്ക് ചേരാൻ ആവശ്യപ്പെട്ടതായും വൃത്തങ്ങൾ അറിയിച്ചു. ഫ്ളൈറ്റ് ഓപ്പറേഷൻ തടസ്സപ്പെടുത്തിയതും നിയമന വ്യവസ്ഥകൾ ലംഘിച്ചതും കണക്കിലെടുത്താണ് ജീവനക്കാർക്ക് എയർ ഇന്ത്യ പിരിച്ചുവിടൽ നോട്ടീസ് നൽകിയിരിക്കുന്നത്. 100-ലധികം ക്രൂ അംഗങ്ങൾ പെട്ടെന്ന് മെഡിക്കൽ ലീവിൽ പോയതിനാൽ, കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എയർലൈന് 90 വിമാനങ്ങൾ റദ്ദാക്കേണ്ടി(flight cancelled) വന്നിരുന്നു. എയർ ഇന്ത്യ എക്‌സ്പ്രസിലെ മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ അടക്കം തങ്ങളുടെ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പണിമുടക്കിൻ്റെ ഭാഗമായിരുന്നു ഈ കൂട്ട അവധി.
74 വിമാനങ്ങൾ റദ്ദാക്കി എയർ ഇന്ത്യ എക്സ്പ്രസ്

Reading Time: < 1 minute