തിരുവനന്തപുരം: തെരഞ്ഞെടുപ്പ് മുൻനിർത്തി പൗരത്വ ഭേദഗതി നിയമത്തിന്റെ ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌ത കേന്ദ്ര സർക്കാർ നടപടി രാജ്യത്തെ അസ്വസ്ഥമാക്കാനുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുൻപാണ് ആഭ്യന്തരമന്ത്രാലയം പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയിരിക്കുന്നത്. ഇത് ജനങ്ങളെ വിഭജിക്കാനും വർഗീയ വികാരം കുത്തിയിളക്കാനും ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ തന്നെ കാറ്റിൽ പറത്താനുമുള്ളതാണ്. തുല്യ അവകാശങ്ങളുള്ള ഇന്ത്യൻ പൗരന്മാരെ പലതട്ടുകളാക്കാനുള്ള ഈ നീക്കം ഒറ്റക്കെട്ടായി എതിർക്കപ്പെടണം – മുഖ്യമന്ത്രി പ്രസ്‌താവനയിൽ പറഞ്ഞു.
സംഘപരിവാറിന്റെ ഹിന്ദുത്വ വർഗ്ഗീയ അജണ്ടയുടെ ഭാഗമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. പാകിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽ നിന്ന് 2014 ഡിസംബർ 31 നോ അതിന് മുമ്പോ ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലിം ഇതര മത വിഭാഗങ്ങളിൽ പെട്ടവർക്ക് പൗരത്വം നൽകുകയും ഇസ്ലാം മതവിശ്വാസികൾക്കു മാത്രം പൗരത്വം നിഷേധിക്കുകയും ചെയ്യുന്നത് ഭരണഘടനയുടെ നഗ്നമായ ലംഘനമാണ്. മതാടിസ്‌ഥാനത്തിൽ ഇന്ത്യൻ പൗരത്വത്തെ നിർവ്വചിക്കുകയാണ്. ഇത് മാനവികതയോടും രാജ്യത്തിന്റെ പാരമ്പര്യത്തോടും ജനങ്ങളോടുമുള്ള തുറന്ന വെല്ലുവിളിയാണ്.
പൗരത്വ നിയമ ഭേദഗതിക്ക് എതിരെ പ്രമേയം പാസാക്കിയ ആദ്യ നിയമസഭ കേരളത്തിന്റേതാണ്.
