ഷിരൂര്‍: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് കണ്ടെത്തി. ലോറിയുടെ കാബിനില്‍ അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം അര്‍ജുന്റേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല.
കാണാതായി 71-ദിവസത്തിന് ശേഷമാണ് ലോറിയും ഒപ്പം ഒരു മൃതദേഹവും പുഴയില്‍ നിന്ന് ദൗത്യസംഘം കണ്ടെടുത്തിരിക്കുന്നത്. ലോറി അര്‍ജുന്‍ ഓടിച്ചിരുന്നതാണെന്ന് ഉടമ മനാഫ് സ്ഥിരീകരിച്ചു.
അപകടം നടന്ന് രണ്ട് മാസം പിന്നിട്ടിട്ടും അര്‍ജുനെന്ത് പറ്റി എന്നത് സംബന്ധിച്ച് ഒരു വിവരവും ലഭിച്ചിരുന്നില്ല. അര്‍ജുനെക്കുറിച്ച് ഒരു സൂചനയെങ്കിലും ലഭിക്കാന്‍ കോഴിക്കോട് ഒരു കുടുംബമാകെ കാത്തിരിപ്പിലായിരുന്നു.അതിനിടെയാണ് പ്രതീക്ഷകള്‍ക്ക് ജീവന്‍ നല്‍കി ഉച്ചയോടെ ലോറിയുടെ ക്യാബിന്‍ ഭാഗവും അര്‍ജുന്റേതെന്ന് കരുതുന്ന മൃതദേഹവും അന്വേഷണ സംഘത്തിന് ലഭിച്ചത്
കനത്ത മഴയെ തുടര്‍ന്ന് ജൂലൈ 16ന് ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിലാണ് കോഴിക്കോട് സ്വദേശി അര്‍ജുനെ കാണാതാകുന്നത്. അര്‍ജുന്‍ സഞ്ചരിച്ച ലോറി പുഴയില്‍ വീണിട്ടില്ലെന്നായിരുന്നു പ്രാഥമിക സ്ഥിരീകരണം. അപകടത്തിന്റ അടുത്ത ദിവസങ്ങളില്‍ നേവി സംഘം ഗംഗാവലി പുഴയില്‍ തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ തുടര്‍ച്ചയായ മഴയും മണ്ണിടിച്ചിലും രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിരുന്നു.







