കാനഡയിലെ തൊഴിലില്ലായ്മ നിരക്ക് ജനുവരിയിൽ 5.7 ശതമാനമായി കുറഞ്ഞു. 2022 ഡിസംബറിന് ശേഷമുള്ള ആദ്യത്തെ ഇടിവാണിതെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് പറയുന്നു. തൊഴിൽ രംഗത്ത് വലിയ മാറ്റങ്ങളൊന്നും സംഭവിക്കാതിരുന്ന കഴിഞ്ഞ കുറച്ച് മാസങ്ങൾക്ക് ശേഷം ജനുവരിയിൽ സമ്പദ്‌വ്യവസ്ഥയിൽ 37,000 പുതിയ തൊഴിലവസരങ്ങൾ കൂട്ടിച്ചേർത്തു.
കഴിഞ്ഞ വർഷം ഉയർന്ന പലിശ നിരക്കുകൾ ഉപഭോക്തൃ ചെലവിനെയും ബിസിനസ്സ് നിക്ഷേപത്തെയും ബാധിച്ചതോടെ കാനഡയിലെ തൊഴിൽ വിപണി ഗണ്യമായി കുറഞ്ഞു. ഇതേ തുടർന്ന് തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 5.1 ശതമാനത്തിൽ നിന്ന് ഡിസംബറിൽ 5.8 ശതമാനമായി ഉയർന്നു.
മൊത്തവ്യാപാരം, ചില്ലറ വ്യാപാരം, ധനകാര്യം, ഇൻഷുറൻസ്, റിയൽ എസ്റ്റേറ്റ്, വാടക, പാട്ടം തുടങ്ങിയ മേഖലകളിൽ ജനുവരിയിൽ മതൊഴിൽ വർധിച്ചു. അതിനിടെ, താമസ, ഭക്ഷണ സേവന തൊഴിലവസരങ്ങളിൽ ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തി. എന്നാൽ ശരാശരി മണിക്കൂർ വേതനം ഒരു വർഷം മുമ്പുള്ളതിനേക്കാൾ 5.3 ശതമാനം ഉയർന്നതായും റിപ്പോർട്ട് പറയുന്നു.
