ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ ബോബി ചെമ്മണ്ണൂർ ജയിലിൽ തുടരും. അടിയന്തരമായി ജാമ്യഹർജി പരിഗണിക്കേണ്ട കാര്യം എന്താണെന്ന് കോടതി ചോദിച്ചു. ജാമ്യഹർജി ചൊവ്വാഴ്ചത്തേക്ക് മാറ്റി. പൊതു ഇടത്തിൽ സംസാരിക്കുമ്പോൾ ശ്രദ്ധിക്കണമെന്ന് കോടതി പറഞ്ഞു. അതേസമയം പരാമർശം ആവർത്തിക്കില്ലെന്ന് ബോബി ചെമ്മണ്ണൂരിന്റെ അഭിഭാഷകൻ പറഞ്ഞു.
എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചതോടെയാണ് ഹൈക്കോടതിയിൽ ബോബി ചെമ്മണ്ണൂർ ജാമ്യാപേക്ഷ നൽകിയത്. നടിയോട് മോശമായി പെരുമാറിയിട്ടില്ലെന്ന് ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. തനിക്കെതിരെ ആരോപിച്ചിരിക്കുന്ന കുറ്റങ്ങൾ നിലനിൽക്കുന്നതല്ലെന്നും മജിസ്ട്രേറ്റ് കോടതി താൻ ഹാജരാക്കിയ രേഖകൾ കൃത്യമായി പരിശോധിച്ചില്ലെന്നും ബോബി ചെമ്മണ്ണൂർ കോടതിയെ അറിയിച്ചു. അടിയന്തരമായി ഹർജി പരിഗണിക്കേണ്ട എന്ത് സാഹചര്യം ആണുള്ളതെന്ന് ചോദിച്ച ഹൈക്കോടതി ചൊവ്വാഴ്ച വരെ ജയിലിൽ തുടരാൻ നിർദ്ദേശിക്കുകയായിരുന്നു.
ഇക്കഴിഞ്ഞ ദിവസമാണ് വ്യവസായി ബോബി ചെമ്മണ്ണൂരിനെ പൊലീസ് അറസ്റ്റ് ചെയ്തത്.