കാനഡയിലെ വാഹന മോഷണം വർധിക്കുന്നതിനിടയിൽ ഇന്‍ഷുറന്‍സ് പ്രീമിയങ്ങളിലെ വര്‍ധന തുടരാന്‍ സാധ്യതയുണ്ടെന്ന് സാമ്പത്തിക വിദഗ്ധര്‍. ഓട്ടോ ഇന്‍ഷുറൻസ് പ്രീമിയങ്ങളില്‍ കുത്തനെ വര്‍ധനവുണ്ടായതായി Ratehub.ca നടത്തിയ സര്‍വേയില്‍ പങ്കെടുത്ത 48 ശതമാനം പേരും വ്യക്തമാക്കി. വാഹനമോഷണം വര്‍ധിക്കുന്നത് ഇന്‍ഷുറന്‍ പ്രീമിയങ്ങള്‍ വര്‍ധിക്കാനും ഇടയാക്കിയിട്ടുണ്ട്. അടുത്തിടെ ആഗോളതലത്തില്‍ വാഹന മോഷണവുമായി ബന്ധപ്പെട്ട് ഇന്റര്‍പോള്‍ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ ആദ്യ പത്ത് രാജ്യങ്ങളില്‍ കാനഡയും ഉള്‍പ്പെട്ടിട്ടുണ്ട്.
വാഹന മോഷണം വര്‍ധിച്ചത് ഇന്‍ഷുറര്‍മാരില്‍ നിന്നുള്ള പേഔട്ടുകള്‍ വര്‍ധിക്കുന്നതിലേക്ക് സാഹചര്യം നയിച്ചു. ഇന്‍ഷുറന്‍സ് ബ്യൂറോ ഓഫ് കാനഡയുടെ കണക്കനുസരിച്ച്, സ്വകാര്യ വാഹന ഇന്‍ഷുറന്‍സ് സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം മോഷണ ക്ലെയ്മുകളില്‍ നിന്ന് 1.5 ബില്യണ്‍ ഡോളര്‍ അടച്ചു. 2018 ലേതിനേക്കാല്‍ 254 ശതമാനം വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഒന്റാരിയോയിലാണ് ക്ലെയ്മുകള്‍ ഏറ്റവും കൂടുതല്‍ വര്‍ധിച്ചത്. പ്രവിശ്യയില്‍ 524 ശതമാനം വര്‍ധിച്ച് ഒരു ബില്യണ്‍ ഡോളര്‍ കവിഞ്ഞതായാണ് റിപ്പോര്‍ട്ട്.
