കാനഡയിൽ ഈയാഴ്ച നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണാം. ശക്തമായ സോളാര്‍ സ്‌റ്റോം ഭൂമിയില്‍ ചൊവ്വാഴ്ച രാത്രി പതിക്കുമെന്നും വ്യാഴാഴ്ച വരെ അത് നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ നിരീക്ഷകര്‍ വ്യക്തമാക്കുന്നു. ലോകമെങ്ങുമുള്ള സഞ്ചാരികള്‍ കാണാന്‍ കൊതിക്കുന്ന കാഴ്ചയായ നോര്‍ത്തേണ്‍ ലൈറ്റ്സ് അഥവാ അറോറ ബൊറിയാലിസ് എന്ന പ്രതിഭാസമുണ്ടാക്കുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു.
ഈസമയം ആകാശം പ്രകാശപൂരിതമാകും. നോര്‍ത്തേണ്‍ ലൈറ്റ്‌സ് സൗത്തില്‍ ഒറിഗോണിലും യുഎസ് മിഡ്‌വെസ്റ്റിലും ദൃശ്യമാകുമെന്ന് യുഎസ് നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്ഫെറിക് അഡ്മിനിസ്‌ട്രേഷന്‍(NOAA) അറിയിച്ചു. ചൊവ്വാഴ്ച ശക്തമായ G3 സോളാര്‍ സ്‌റ്റോമും ബുധനാഴ്ചയും വ്യാഴാഴ്ചും മോഡറേറ്റ് G2 സ്‌റ്റോമുമാണ് NOAA പ്രവചിക്കുന്നത്. G-സ്‌കെയില്‍ സോളാര്‍ സ്‌റ്റോമിന്റെ ശക്തിയെവിശേഷിപ്പിക്കുന്നു. G1 ഏറ്റവും ദുര്‍ബലവും G5 ഏറ്റവും തീവ്രവുമായ സ്‌കെയിലാണ്.
ഭൂമിയും സൂര്യനും ചേര്‍ന്ന് ഭൂമിയുടെ ഇരുധ്രുവങ്ങളിലുമായി ഒരുക്കുന്ന വര്‍ണവിസ്മയമാണ് നോര്‍ത്തേണ്‍ ലൈറ്റ്സ്. ദക്ഷിണധ്രുവത്തില്‍ അറോറ ഓസ്‌ട്രേലിസ് എന്നും ഉത്തരധ്രുവത്തില്‍ അറോറ ബോറിയാലിസ് എന്നും അറിയപ്പെടുന്നു. പച്ച, ചുവപ്പ്, നീല, പിങ്ക് തുടങ്ങിയ നിറങ്ങളിലാണ് പ്രധാനമായും നോര്‍ത്തേണ്‍ ലൈറ്റ്‌സ് കാണുന്നത്. സൂര്യനില്‍ നിന്നും വരുന്ന കണങ്ങള്‍ ഭൗമാന്തരീക്ഷത്തിലെ കണങ്ങളുമായി കൂട്ടിയിടിക്കുന്നതനുസരിച്ചാവും ഇവയുടെ നിറം പ്രത്യക്ഷപ്പെടുന്നത്.
അമിതമായ പ്രകാശ മലിനീകരണം അല്ലെങ്കില്‍ ചന്ദ്രന്റെ പ്രകാശം പോലും നോര്‍ത്തേണ്‍ ലൈറ്റ്‌സിനെ മറയ്ക്കും. വടക്കന്‍ ദിശയിലേക്ക് നോക്കുകയും കൂടാതെ, നോര്‍ത്തേണ്‍ ലൈറ്റ്‌സ് വീക്ഷിക്കുന്നതിന് മുമ്പ് പ്രാദേശിക കാലാവസ്ഥാ പ്രവചനങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നും ആകാശം വ്യക്തമായി കാണാന്‍ സാധിക്കണമെന്നും നിര്‍ദേശിക്കുന്നു.
