കാനഡയില്‍ സ്‌ട്രെപ് എ കേസുകള്‍ വര്‍ധിക്കുന്നതായി പബ്ലിക് ഹെല്‍ത്ത് ഏജന്‍സി ഓഫ് കാനഡ. ഇന്‍വേസിവ് ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോക്കസ്(iGas) എന്ന ബാക്ടീരിയയാണ് രോഗം പരത്തുന്നത്. രാജ്യത്ത് 15 വയസ്സിന് താഴെയുള്ള കുട്ടികളില്‍ അണുബാധ നിരക്ക് ഉയര്‍ന്നിട്ടുണ്ടെന്നും ജാഗ്രത പാലിക്കുവാനും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
കുട്ടികളിലും മുതിര്‍ന്നവരിലും വിവിധ രോഗങ്ങൾക്ക് കാരണമാകുന്ന ചര്‍മ്മത്തിലും തൊണ്ടയിലും കാണപ്പെടുന്ന ബാക്ടീരിയയാണ് സ്‌ട്രെപ് എ. രോഗം ബാധിച്ചവര്‍ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ ശ്വസന ദ്രാവകങ്ങളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്നതിലൂടെയാണ് അണുബാധ പടരുന്നത്. ഇന്‍ഫ്‌ളുവന്‍സ, കോവിഡ്, ആര്‍എസ്‌വി തുടങ്ങിയ ശ്വാസകോശ സംബന്ധമായ വൈറസുകള്‍ സ്‌ട്രെപ് എ രോഗബാധിതരാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നതായി ഉന്നത ആരോഗ്യ വിദഗ്ധര്‍ പറയുന്നു.
