അനധികൃതമായി അതിര്‍ത്തി കടക്കുന്നതും മയക്കുമരുന്ന് കടത്തും തടയുന്നതിനായി ശക്തമായ നീക്കവുമായി ആര്‍സിഎപി. ഇതിന്റെ ഭാഗമായി കാനഡ-യുഎസ് അതിര്‍ത്തിയിൽ കൂടുതല്‍ ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാന്‍ പദ്ധതിയുണ്ടെന്ന് ആര്‍സിഎംപി അധികൃതർ അറിയിച്ചു. കനേഡിയന്‍, മെക്‌സിക്കന്‍ ഇറക്കുമതികള്‍ക്ക് 25 ശതമാനം താരിഫ് ചുമത്തുമെന്ന നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ആര്‍സിഎംപിയുടെ ഈ തീരുമാനം. രാജ്യത്തിന്റെ അതിര്‍ത്തി സുരക്ഷിതമാക്കണമെന്നാവശ്യപ്പെട്ട് പ്രവിശ്യകളിലെ പ്രീമിയര്‍മാര്‍ അടക്കമുള്ള നേതാക്കളില്‍ നിന്ന് സമ്മര്‍ദ്ദവും ഉയരുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കാനുള്ള തീരുമാനമുണ്ടാകുന്നത്.
ആര്‍സിഎംപിയുടെ സംരക്ഷണയിലുള്ള കിഴക്കന്‍ മേഖലയില്‍ ക്യുബെക്കും ന്യൂബ്രണ്‍സ്‌വിക്കും മാത്രമാണ് ഈ മേഖലയില്‍ അമേരിക്കയുമായി അതിര്‍ത്തി പങ്കിടുന്നത്. ആര്‍സിഎംപി കൂടാതെ മറ്റ് ഫെഡറല്‍ പോലീസിനെ കൂടി പുനര്‍വിന്യസിക്കാന്‍ ലക്ഷ്യമിടുന്നതായി ആര്‍സിഎംപി വക്താവ് മാര്‍ട്ടിന പില്ലറോവ പറഞ്ഞു.







