ന്യൂഡല്‍ഹി: വിമാനങ്ങള്‍ വൈകുന്നതും റദ്ദാക്കപ്പെടുന്നതും തുടർക്കഥയായതോടെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ). വിമാനങ്ങൾ വൈകുന്നതിനെത്തുടർന്ന് യാത്രക്കാരും അധികൃതരുമായി പ്രശ്നങ്ങളുണ്ടാകുന്നതും വർധിച്ച സാഹചര്യത്തിലാണ് നിർദേശങ്ങൾ പുറപ്പെടുവിച്ചത്. ഇന്നും വിമാനം വൈകിയതിനെത്തുടർന്ന് യാത്രക്കാരൻ ഇൻഡിഗോ വിമാനത്തിൽ പൈലറ്റിനെ മർദിച്ചിരുന്നു. സര്‍വീസ് നടക്കാത്തതിനാൽ നൂറോളം യാത്രക്കാർ ഇന്നലെ ഡല്‍ഹി എയര്‍പോര്‍ട്ടില്‍ കുടുങ്ങിയതിനെത്തുടർന്നും പ്രശ്നങ്ങളുണ്ടായിരുന്നു. തുടർന്നാണ് യാത്ര നിഷേധിക്കുമ്പോഴും വിമാനങ്ങള്‍ റദ്ദാക്കുമ്പോഴും യാത്ര വൈകുമ്പോഴും യാത്രക്കാര്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഡിജിസിഎ മാര്‍ഗനിര്‍ദേശം പുറത്തിറക്കിയത്. മൂന്നു മണിക്കൂറില്‍ കൂടുതല്‍ വൈകുന്ന വിമാനങ്ങളോ അല്ലെങ്കില്‍ വൈകാന്‍ സാധ്യതയുള്ളതോ ആയ വിമാനങ്ങള്‍ കമ്പനികള്‍ റദ്ദാക്കിയേക്കാമെന്നും തദവസരങ്ങളിൽ യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ അതാത് എയര്‍ലൈൻകമ്പനികൾ ചെയ്ത് കൊടുക്കണമെന്നുമാണ് പുതിയ നിർദേശം. എല്ലാ എയര്‍ലൈനുകളും നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഡിജിസിഎ പറയുന്നു.
സര്‍വീസ് താമസിക്കുന്നത് സംബന്ധിച്ച വിവരങ്ങള്‍ അതാത് എയര്‍ലൈന്‍സ് കൃത്യമായി തന്നെ യാത്രക്കാരെ അറിയിക്കണം. ഇതുസംബന്ധിച്ച വിവരങ്ങള്‍ എയർലൈനിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യണം. എസ്എംഎസിലൂടെയും ഇ-മെയിലിലൂടെയും യാത്രക്കാര്‍ക്കും ഇത് സംബന്ധിച്ച വിവരങ്ങള്‍ കൈമാറണം. എയര്‍പോര്‍ട്ടിലെ സന്ദേശബോര്‍ഡുകളില്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്തുകൊണ്ടിരിക്കണമെന്നും അതാത് എയര്‍ലൈന്‍ ഉദ്യേഗസ്ഥര്‍ അവരുടെ യാത്രക്കാരുമായി നിരന്തരം നേരിട്ട് സംവദിക്കാനും വിവരങ്ങള്‍ കൈമാറാനും ശ്രമിക്കണമെന്നും ഡിജിസിഎ പറയുന്നു.
