ഭോപ്പാൽ: മധ്യപ്രദേശിൽ ക്രിസ്ത്യൻ പള്ളികൾക്ക് മുകളിലെ കുരിശിൽ കാവിക്കൊടി കെട്ടി ഹിന്ദുത്വ സംഘടനകളുടെ അതിക്രമം. ജാംബുവ ജില്ലയിലെ 4 ക്രിസ്ത്യൻ പള്ളികൾക്ക് നേരെയാണ് ഹിന്ദുത്വ സംഘടനയുടെ ആക്രമണം നടന്നത്. ജയ് ശ്രീരാം മുഴക്കിയെത്തിയ സംഘം പള്ളികളിലെ കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുകയായിരുന്നു. പ്രൊട്ടസ്റ്റന്റ് ശാലോമിന്റെ കീഴിലുള്ള മൂന്ന് പള്ളികളും ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ കീഴിലുള്ള ഒരു പള്ളിയുമാണ് ആക്രമിക്കപ്പെട്ടത്.
അക്രമികൾ പള്ളിയിലേക്ക് ചാടിക്കയറുന്നതിന്റെയും അയോധ്യ രാമക്ഷേത്രത്തിന്റെ ചിത്രവും ജയ് ശ്രീരാം എഴുത്തുകളുമുള്ള കാവിക്കൊടി സ്ഥാപിക്കുന്നതിന്റെയും ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രചരിച്ചു. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്നതിന് മുന്നോടിയായി ഞായറാഴ്ച ഉച്ച കഴിഞ്ഞായിരുന്നു അക്രമം.
തൊട്ടടുത്ത ഗ്രാമത്തിലുള്ളവരാണ് അതിക്രമം കാണിച്ചതെന്നും കുരിശിന് മുകളിൽ കാവിക്കൊടി കെട്ടുന്നത് ശരിയല്ലെന്ന് പറഞ്ഞെങ്കിലും അവർ കേൾക്കാൻ തയ്യാറായില്ലെന്നും റാണാപുരിലെ ദബ്തലായ് ഗ്രാമത്തിലെ പള്ളിയിലെ പാസ്റ്റർ നർബു അമലിയാർ മാധ്യമങ്ങളോട് പറഞ്ഞു.
