ഒന്റാരിയോയില്‍ വാക്കിംഗ് ന്യുമോണിയ കേസുകള്‍ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. കോവിഡ് പാന്‍ഡെമിക്കിന് മുമ്പുള്ളതിനേക്കാള്‍ പോസിറ്റിവിറ്റി നിരക്ക് മൂന്നിരട്ടി കൂടുതലാണെന്ന് പബ്ലിക് ഹെല്‍ത്ത് ഒന്റാരിയോ റിപ്പോര്‍ട്ട് പറയുന്നു. അഞ്ചിനും 17 വയസ്സിനും ഇടയിലുള്ള കുട്ടികളിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ജനുവരി 1നും നവംബര്‍ 15 നും ഇടയില്‍ നടത്തിയ 4,069 പിസിആര്‍ ടെസ്റ്റുകളില്‍ 733 എണ്ണം പോസിറ്റീവായതായാണ് റിപ്പോര്‍ട്ട്. ഓഗസ്റ്റിനും നവംബറിനും ഇടയില്‍ പ്രതിമാസം 25 മുതല്‍ 30 ശതമാനം വരെ പോസിറ്റിവിറ്റി നിരക്കുകള്‍ എത്തി.
സമീപകാലത്തായി ഒന്റാരിയോ കൂടാതെ ക്യുബെക്ക്, ബീസി എന്നീ പ്രവിശ്യകളിലും വാക്കിംഗ് ന്യുമോണിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
തൊണ്ടവേദന, തുമ്മല്‍, ചുമ, തലവേദന, ചെറിയ രീതിയില്‍ കുളിര്. ചെറിയ പനി എന്നിവയെല്ലാമാണ് ‘വാക്കിംഗ് ന്യുമോണിയ’യുടെ ലക്ഷണങ്ങളായി സാധാരണനിലയില്‍ കാണാറ്. ആന്‍റിബയോട്ടിക്സോ ലക്ഷണങ്ങളെ ശമിപ്പിക്കാനുള്ള മരുന്നോ എടുത്താല്‍ തന്നെ രോഗശമനവും ഉണ്ടാകും. എന്നാലിപ്പോഴത്തെ സാഹചര്യത്തില്‍ ഇത്തരം ലക്ഷണങ്ങള്‍ കാണുന്നപക്ഷം ആശുപത്രിയിലെത്തി കഴിയാവുന്ന പരിശോധനകളെല്ലാം നടത്തി ഡോക്ടര്‍ നിര്‍ദേശിക്കുന്ന രീതിയില്‍ ചികിത്സ എടുക്കുന്നത് തന്നെയാണ് നല്ലത്.
