പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കുറേ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ, ഉഷാറായി വരട്ടെ എന്ന് മന്ത്രി പറഞ്ഞു. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സീറ്റ് ക്ഷാമമുണ്ടെന്നും ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെങ്കില്‍ മറ്റു സംഘടനകള്‍ക്കൊപ്പം സമരത്തിന് ഇറങ്ങേണ്ടിവരുമെന്നും എസ്എഫ്‌ഐ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
സീറ്റ് വിഷയത്തിൽ നാളെ വിദ്യാഭ്യാസ സംഘടനകളുമായി ചര്‍ച്ച നടത്തുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റ് ക്ഷാമമില്ലെന്ന് നിയമസഭയില്‍ കണക്കുകള്‍ ഉദ്ധരിച്ച് മന്ത്രി വിശദീകരിക്കുകയും ചെയ്തിരുന്നു. സമരങ്ങള്‍ക്കു പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നും മന്ത്രി സഭയില്‍ പറഞ്ഞു.
പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് എസ്എഫ്ഐയും സമര രംഗത്തേക്ക് കടന്നിരിക്കുകയാണ്. മലപ്പുറം കളക്ടേറ്റിലേക്ക് നടത്തിയ മാർച്ച് സംസ്ഥാന ജോയിന്‍റ് സെക്രട്ടറി ഇ അഫ്സൽ ഉദ്ഘാടനം ചെയ്തു.
ഇടതുപക്ഷ സർക്കാരിൽ നിന്ന് വിദ്യാർത്ഥി വിരുദ്ധ സമീപനമുണ്ടാകാത്തത് കൊണ്ടാണ് ഇതുവരെ തങ്ങൾ സമരം ചെയ്യാത്തതെന്ന് അഫ്സൽ പറഞ്ഞു. ജില്ലയിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്നും അഫ്സൽ ആവശ്യപ്പെട്ടു.
അതിനിടെ, സീറ്റ് ക്ഷാമം പരിഹരിക്കാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‌യു സെക്രട്ടേറിയറ്റിലേക്കു മാര്‍ച്ച് നടത്തി. ശക്തമായ സമരവുമായി മുന്നോട്ടു പോകുമെന്ന് കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വിദ്യാര്‍ഥികളെ വെല്ലുവിളിച്ചു മുന്നോട്ടുപോയാല്‍ അനിശ്ചിതകാല പഠിപ്പു മുടക്ക് സമരത്തിലേക്കു പോകുമെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.
എസ്എഫ്ഐ സമരത്തെ പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി
Reading Time: < 1 minute






