ഒൻ്റാറിയോയിലെ ലൈസൻസ് പ്ലേറ്റുകളുടെ വാർഷിക രജിസ്ട്രേഷൻ ഉടൻ തന്നെ ഒഴിവാക്കാനാകുമെന്ന് പ്രീമിയർ ഡഗ് ഫോർഡ്. ടൊറോന്റോയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് ഫോർഡ് ഇക്കാര്യം അറിയിച്ചത്. “വാഹന രജിസ്ട്രേഷൻ പ്രക്രിയയിൽ നിന്ന് ഞങ്ങൾ പൂർണ്ണമായും പിന്നോട്ട് പോകുകയാണ്. ആദ്യപടിയായി ഞങ്ങൾ സ്റ്റിക്കറുകൾ ഒഴിവാക്കി. ഇപ്പോൾ പുനർരജിസ്ട്രേഷൻ ഒഴിവാക്കുകയാണ്,” ഒൻ്റാറിയോ റോഡുകളിൽ കാലഹരണപ്പെട്ട പ്ലേറ്റുകളുടെ എണ്ണം വർദ്ധിച്ചതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പ്രീമിയർ. 2022-ൽ ലൈസൻസ് പ്ലേറ്റുകളുടെ വാർഷിക രജിസ്ട്രേഷനുമായി ബന്ധപ്പെട്ട എല്ലാ ഫീസും ഫോർഡ് സർക്കാർ മുമ്പ് ഒഴിവാക്കിയിരുന്നു. യാത്രാ വാഹനങ്ങൾ, മോട്ടോർസൈക്കിളുകൾ, മോപ്പഡുകൾ, ലൈറ്റ് കൊമേഴ്‌സ്യൽ വാഹനങ്ങൾ എന്നിവയുടെ ലൈസൻസ് പ്ലേറ്റുകൾ പുതുക്കാനോ സ്റ്റിക്കർ പതിക്കാനോ യാതൊരു ഫീസും നൽകേണ്ടതില്ല. മുമ്പ്, ലൈസൻസ് സ്റ്റിക്കറുകൾ പുതുക്കുന്നതിനുള്ള ചെലവ് വടക്കൻ ഒന്റാറിയോയിൽ $60 ഉം തെക്കൻ ഒന്റാറിയോയിൽ $120 ഉം ആയിരുന്നു.
