കൊവിഡ്-19 വാക്‌സിൻ കോവിഷീൽഡിൻ്റെ ഫലപ്രാപ്തിയെക്കുറിച്ചുള്ള ജനങ്ങളുടെ ആശങ്ക മുതലെടുക്കാൻ തട്ടിപ്പുകാർ ശ്രമിക്കുന്നതായി പോലീസ്. കൊവിഡ് വാക്‌സിൻ്റെ മറവിൽ ആധാർ നമ്പറും ബാങ്ക് വിവരങ്ങളും ഉൾപ്പെടെയുള്ള വിവരങ്ങൾ തട്ടിപ്പുകാർ ചോർത്തുന്നതായി കൊൽക്കത്ത പോലീസ് മുന്നറിയിപ്പ് നൽകുന്നു.അടുത്തിടെ കൊൽക്കത്ത നിവാസികൾക്ക് ആരോഗ്യ വകുപ്പിൽ നിന്നാണെന്ന് അവകാശപ്പെട്ട് ഫോൺ കോളുകൾ വന്നിരുന്നു. കോവിഷീൽഡ് അല്ലെങ്കിൽ കോവാക്‌സിൻ എടുത്തിട്ടുണ്ടോയെന്നും ആധാർ നമ്പർ ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ ചോദിച്ചറിയുകയുമാണ് ചെയ്യുന്നത്. മറ്റു ചിലർക്ക് വാക്‌സിൻ സംബന്ധിയായ വിവരങ്ങൾ തേടി റെക്കോർഡ് ചെയ്ത ഐവിആർഎസ്(ഇന്‌ററാക്ടീവ് വോയ്‌സ് റസ്‌പോൺസ് സിസ്റ്റം) കോളുകൾ ലഭിച്ചു.
കോവിഡ് വാക്‌സിൻ എടുത്തിട്ടുണ്ടോ എന്നാണ് റെക്കോർഡ് ചെയ്ത ശബ്ദത്തിൽ ആദ്യം ചോദിക്കുന്നത്. അതേ എന്നാണെങ്കിൽ കോവിഷീൽഡിന് ഒന്നും കോവാക്‌സിന് രണ്ടും ബട്ടൻ അമർത്താൻ ആവശ്യപ്പെടും. അതിനുശേഷം ഫോൺ മരവിപ്പിക്കുകയും ഏതാനും മണിക്കൂറുകൾക്കുള്ളിൽ നെറ്റ്‍വർക്ക് അപ്രത്യക്ഷമാകുകയും ചെയ്യും’ – കൊൽക്കത്ത സൈബർ സെല്ലിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ആർക്കും ഇതുവരെ പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെങ്കിലും വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ശേഖരിക്കാനും ബാങ്ക് അക്കൗണ്ടുകൾ ആക്‌സസ് ചെയ്യാനും ഒരു വ്യക്തിയുടെ ഫോണിന്‌റെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനുമുള്ള സൈബർ തട്ടിപ്പുകാരുടെ ശ്രമങ്ങളാണിതെന്ന് സൈബർ വിദഗ്ധർ കരുതുന്നു.അജ്ഞാത നമ്പരുകളിൽ നിന്നുള്ള കോളുകൾ സ്വീകരിക്കുമ്പോൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകുന്നുണ്ട്. കൂടാതെ വ്യക്തിഗത വിവരങ്ങൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, ഒടിപി എന്നിവ നൽകരുതെന്നും നിർദേശിക്കുന്നു.
കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് കോൾ വന്നോ..?? തട്ടിപ്പാണ് !!

Reading Time: < 1 minute