ശക്തമായ തണുപ്പും കാറ്റും പടിഞ്ഞാറൻ കാനഡയിൽ പിടിമുറുക്കിയതായും ശനിയാഴ്ച വരെ തുടരുമെന്നും എൺവയോൺമെന്റ് കാനഡ. ഹൈഡ ഗ്വൈ മുതൽ ഹഡ്സൺ ഉൾക്കടലിന് സമീപം വരെ കടുത്ത തണുപ്പും കാറ്റും നിലനിൽക്കുമെന്നും ശനിയാഴ്ച വരെ നീണ്ടുനിൽക്കുമെന്നും കാലാവസ്ഥാ ഏജൻസിയുടെ മുന്നറിയിപ്പിൽ പറയുന്നു. ഈ ശക്തമായ കാറ്റുകൾ കാരണം ചില സ്ഥലങ്ങളിൽ താപനില -40 ഡിഗ്രി സെൽഷ്യസോ -55 ഡിഗ്രി സെൽഷ്യസോ വരെ താഴാമെന്നും കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
കാറ്റുമൂലമുള്ള തണുപ്പ് കാരണം ചർമ്മത്തിൽ ഫ്രോസ്റ്റ്‌ബൈറ്റ് ഉണ്ടാകാം. വീടിന് പുറത്തിറങ്ങുന്നവർ ശ്വാസതടസ്സം, നെഞ്ചുവേദന, പേശി വേദന, ബലഹീനത, മരവിപ്പ്, അല്ലെങ്കിൽ വിരലുകളുടെയും കാൽവിരലുകളുടെയും നിറം മാറുന്നത് എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ നിരീക്ഷിക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ചെറിയ കുട്ടികൾ, മുതിർന്നവർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ, വെളിയിൽ ജോലി ചെയ്യുന്നവരോ വ്യായാമം ചെയ്യുന്നവരോ, ശരിയായ പാർപ്പിടമില്ലാത്തവർ എന്നിവർക്കാണ് അപകടസാധ്യതകൾ കൂടുതലെണെന്ന് എൺവയോൺമെന്റ് കാനഡ വ്യക്തമാക്കി.
