ഇലക്ഷന്‍ കമ്മീഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അദ്ദേഹത്തിന്റെ രാജി. ഗോയലിന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു സ്വീകരിച്ചു. അതേസമയം രാജിയുടെ കാരണം വ്യക്തമല്ല. ഇലക്ഷന്‍ കമ്മഷനില്‍ ഒരു ഒഴിവ് ഉണ്ടായിരുന്ന സാഹചര്യത്തിലാണ് അരുണ്‍ ഗോയിലന്റെ രാജി. നിലവില്‍ ചീഫ് ഇലക്ഷന്‍ കമ്മീഷണര്‍ രാജീവ് കുമാര്‍ മാത്രമാണ് ഇലക്ഷന്‍ കമ്മിഷനില്‍ ഉള്ളത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് തീയതി അടുത്താഴ്ച പ്രഖ്യാപിക്കാനിരിക്കെ ഗോയലിന്റെ രാജി ഇതിനെ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്. വിരമിച്ച ഐ.എ.എസ് ഉദ്യോഗസ്ഥനായ അരുണ്‍ ഗോയലിനെ മുന്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര മെയില്‍ വിരമിച്ചതിന് പിന്നാലെയാണ് നിയമിച്ചത്. 1985 ബാച്ച് പഞ്ചാബ് കേഡര്‍ ഐ.എ.എസ് ഓഫീസറായിരുന്നു അരുണ്‍ ഗോയല്‍. 2027 ഡിസംബര്‍ വരെ അരുണ്‍ ഗോയലിന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അംഗമായി പ്രവര്‍ത്തനകാലാവധിയുണ്ടായിരുന്നു. ഡിസംബറില്‍ ഗുജറാത്തില്‍ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അരുണ്‍ ഗോയലിനെ തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിച്ചത്. കേന്ദ്രസര്‍ക്കാരിന് കീഴില്‍ ഘന വ്യവസായം, സാംസ്‌കാരിക വകുപ്പ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 2022 ഡിസംബര്‍ 31 വരെ അരുണ്‍ ഗോയലിന് കാലാവധി ഉണ്ടായിരുന്നെങ്കിലും, നവംബര്‍ 18 ന് വോളണ്ടറി റിട്ടയര്‍മെന്റ് സ്വീകരിക്കുകയായിരുന്നു.
